ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്ന് പ്രശാന്ത്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഹിയറിംഗിന് വിളിച്ചതിന് പിന്നാലെ വിചിത്ര ആവശ്യവുമായി സസ്പെൻഷനിൽ കഴിയുന്ന ഐ.എ.എസ് ഓഫീസർ എൻ. പ്രശാന്ത്. ഹിയറിംഗിന്റെ ഓഡിയോയും വീഡിയോയും റെക്കാഡ് ചെയ്യണം. ലൈവ് സ്ട്രീമിലൂടെ പൊതുജനത്തെ കാണിക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ഉന്നത ഉദ്യോഗസ്ഥനെ നവമാദ്ധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്‌പെൻഷനിലായ പ്രശാന്തിനെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഹിയറിങ്ങിന് വിളിപ്പിച്ചത്. 16ന് വൈകിട്ട് 4.30ന് ഹാജരാകാനാണ് നിർദ്ദേശം.
പൊതുതാത്പര്യം പരിഗണിച്ചാണ് ആവശ്യമുന്നയിച്ചതെന്നാണ് പ്രശാന്ത് പറയുന്നത്. നവംബർ 11 നാണ് സസ്‌പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തി, അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കി എന്നിവയാണ് കുറ്റങ്ങൾ. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു. സസ്‌പെൻഷൻ പരിശോധിക്കാൻ ചേർന്ന റിവ്യു കമ്മിറ്റി പ്രശാന്തിന്റെ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യമന്ത്രി റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിശോധിച്ചാണ് പ്രശാന്തിനെ നേരിട്ട് ഹിയറിംഗിന് വിളിച്ച് വിശദീകരണം കേൾക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. പ്രശാന്തിനൊപ്പം സസ്‌പെൻഡ് ചെയ്തിരുന്ന കെ. ഗോപാലകൃഷ്ണനെ തിരിച്ചെടുത്തിരുന്നു.