ലഹരിയെ പൂട്ടാൻ കളക്ടർ 'കളക്ടറായി"

Friday 11 April 2025 12:41 AM IST

തിരുവനന്തപുരം: ലഹരിയെ പൂട്ടാൻ ക്യാമറയ്ക്ക് മുന്നിൽ കൊല്ലം കളക്ടർ എൻ. ദേവിദാസ് 'കളക്ടറായി". ജില്ലാ ഭരണകൂടവും ശിശുസംരക്ഷണ യൂണിറ്റും ചേർന്നൊരുക്കിയ 'തിരികെ" എന്ന ലഘുചിത്രത്തിലാണ് ദേവിദാസ് കളക്ടറുടെ വേഷമണിയുന്നത്.

ജില്ലാ ശിശുസംരക്ഷണ ഓഫീസറാണ് ചിത്രത്തിനു പിന്നിൽ. റീൽസുകളായി പ്രചരിപ്പിക്കാവുന്ന തരത്തിലാണ് ചിത്രീകരണം. അനാഥാലയത്തിൽ വളർന്ന്, പഠിച്ച് ഐ.എ.എസ് നേടിയളാണ് ചിത്രത്തിലെ നായകൻ. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി വിജയിച്ച 'കളക്ടർ" ലഹരിക്ക് പിന്നാലെ പോയി ജീവിതം നശിപ്പിക്കുന്ന യുവാക്കൾക്ക് മാതൃകയാവുന്നതാണ് പ്രമേയം. കൊല്ലത്തെ ചിൽഡ്രൻസ് ഹോമിലും കളക്ടറേറ്റിലുമായിരുന്നു ചിത്രീകരണം. ഉടൻ വെബ്‌റിലീസ് ചെയ്യും.

കളക്ടറുടെ റോൾ അഭിനയിക്കാൻ ആളെത്തേടി അലഞ്ഞപ്പോഴാണ് ഒറിജിനൽ കളക്ടർ അഭിനയിച്ചാലെന്തെന്ന് അണിയറക്കാർക്ക് തോന്നിയത്. തുടർന്ന് സർക്കാർ അനുമതിയോടെ ദേവിദാസ് ക്യാമറയ്ക്ക് മുന്നിലെത്തി. പുതുതലമുറയ്ക്ക് ഉപദേശവും സന്ദേശവുമൊന്നും ഇഷ്ടമല്ലാത്തതിനാൽ ചിത്രത്തിൽ ഇതൊന്നുമില്ല.

സ്‌കൂൾ, കോളേജ് പഠനകാലത്ത് നാടകങ്ങളിൽ ദേവിദാസ് വേഷമിട്ടിരുന്നു. കാസർകോട് എ.ഡി.എമ്മായിരിക്കെ 2015ൽ ഐ.എ.എസ് നേടിയ ദേവിദാസ് കാസർകോട് നീലേശ്വരം സ്വദേശിയാണ്. ഹൈസ്കൂൾ അദ്ധ്യാപിക ജീജയാണ് ഭാര്യ. വിദ്യാർത്ഥികളായ ചൈത്രക്ദേവ്, ദേവിമിത്ര എന്നിവർ മക്കളാണ്.

'യുവാക്കളും രക്ഷിതാക്കളും കണ്ടിരിക്കേണ്ട ചിത്രമാണിത്. ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധമാണ് ലക്ഷ്യം".

- എൻ. ദേവിദാസ്, ജില്ലാ കളക്ടർ, കൊല്ലം