പകുതിവില തട്ടിപ്പ്: രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യും
കൊച്ചി: പകുതിവില തട്ടിപ്പുകേസിലെ പ്രതികളിൽ നിന്ന് സംഭാവന സ്വീകരിച്ച രാഷ്ട്രീയ നേതാക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സംഭാവന നൽകിയെന്ന് മുഖ്യപ്രതി അനന്തുകൃഷ്ണൻ മൊഴി നൽകിയ കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് എം.പി, സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ബിസിനസ് ബന്ധമുള്ള ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ എന്നിവരെയാണ് ചോദ്യം ചെയ്യുക.
ഡീൻ കുര്യാക്കോസിന് 40 ലക്ഷവും സി.വി. വർഗീസിനിന് 25 ലക്ഷവും വീതം നൽകിയെന്നാണ് മൊഴി. പണമിടപാടുകൾ നടത്തിയിട്ടില്ലെന്ന് നേതാക്കൾ വിശദീകരിച്ചിരുന്നു. പ്രതികളുടെ ബാങ്കിടപാട് രേഖകൾ പരിശോധിച്ച ശേഷമാണ് നേതാക്കളുടെ മൊഴിയെടുക്കാൻ ശ്രമിക്കുന്നത്. അനന്തുകൃഷ്ണനുമായുള്ള സാമ്പത്തിക ഇടപാടുകളാണ് എ.എൻ. രാധാകൃഷ്ണനോട് ചോദിക്കുക. രാധാകൃഷ്ണൻ പ്രസിഡന്റായ സൈൻ എന്ന സംഘടന 42 കോടി രൂപ നൽകിയതായി കണ്ടെത്തിയിരുന്നു. കണ്ണൂരിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയും കോൺഗ്രസ് നേതാവുമായ അഡ്വ. ലാലി വിൻസെന്റിനെ വീണ്ടും ചോദ്യം ചെയ്തേക്കും. അനന്തുകൃഷ്ണനിൽ നിന്ന് 46 ലക്ഷം രൂപ ലാലി കൈപ്പറ്റിയെന്ന് സ്ഥിരീകരിച്ചിരുന്നു. നിയമോപദേഷ്ടാവ് എന്ന നിലയിലെ പ്രതിഫലമാണെന്നാണ് ലാലി നൽകിയ വിശദീകരണം.