പ്രതിയെ പിടിക്കാൻ ചെന്ന പൊലീസുകാർക്ക് വെട്ടേറ്റു​; പ്രതിയും ഉമ്മയും കസ്റ്റഡിയിൽ

Friday 11 April 2025 12:02 AM IST
പൊലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ച മേഷണക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ

മുക്കം: മോഷണക്കേസിലെ പ്രതിയെ പിടിക്കാൻ ചെന്ന പൊലീസുകാരെ പ്രതിയും ഉമ്മയും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. വയനാട് എസ്.പി യുടെ സ്ക്വാഡ് അംഗങ്ങളായ ഷാലു, നൗഫൽ എന്നീ സി.പി.ഒമാർക്കാണ് വെട്ടേറ്റത്. വിപിൻ എന്നൊരു സി.പി.ഒ കൂടി ഇവർക്കൊപ്പമുണ്ടായിരുന്നു. കാരശ്ശേരി വലിയപറമ്പിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് സംഭവം. തടത്തിൽ കോളനിക്ക് സമീപം താമസിക്കുന്ന അർഷാദ്, ഉമ്മ കദീജ എന്നിവരെയാണ് പൊലീസുകാരെ വെട്ടിയ കേസിൽ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഈ മാസം 4 ന് വയനാട് കൽപ്പറ്റയിൽ നിന്ന് കാർ മോഷണം പോയ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസുകാർ ഇവരുടെ വീട്ടിലെത്തിയത്. മോഷണം പോയ കാർ പ്രതികളുടെ വീട്ടിൽ കണ്ടെത്തുകയും അർഷാദിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയിലാണ് അർഷാദ് ഉമ്മയെ വിളിക്കുകയും ഉമ്മ ആദ്യം മിക്സിക്കൊണ്ട് പോലീസുകാരെ ആക്രമിക്കുകയും തുടർന്ന് അർഷാദ് ആവശ്യപ്പെട്ടതനുസരിച്ച് കത്തികൊണ്ട് വെട്ടുകയും ചെയ്തത്. ഷാലുവിന് കൈമുട്ടിന് സമീപവും നൗഫലിന് കൈപ്പത്തിക്കും തലയ്ക്കു പിന്നിലുമാണ് പരിക്ക്. പരിക്കേറ്റവരെ ആദ്യം മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് മുക്കം പൊലീസാണ് നാട്ടുകാരുടെ സഹായത്തോടെ ആദ്യം അർഷാദിനേയും തുടർന്ന് ഉമ്മ ഖദീജയെയും കസ്റ്റഡിയിലെടുത്തത്. അർഷാദിന്റെ സഹോദരൻ അഫ്സലിനെ കഴിഞ്ഞ ദിവസം തിരുവമ്പാടി പോലീസ് എം.ഡി.എം.എ യുമായി പിടികൂടിയിരുന്നു.