സിദ്ധാർത്ഥിന്റെ മരണം: 19 വിദ്യാർത്ഥികളെ പുറത്താക്കി വെറ്ററിനറി സർവകലാശാല
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സഹപാഠികളായ 19 പേരെയും കുറ്റക്കാരെന്നു കണ്ടെത്തി വെറ്ററിനറി സർവകലാശാല പുറത്താക്കി. ഇവർക്ക് മറ്റ് സ്ഥാപനങ്ങളിൽ പഠനം തുടരാൻ മൂന്നു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
സർവകലാശാലയുടെ നടപടി റിപ്പോർട്ട് സിദ്ധാർത്ഥിന്റെ അമ്മ എം.ആർ. ഷീബയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. തുടർന്ന് ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് കേസ് വിധിപറയാൻ മാറ്റി. വിദ്യാർത്ഥികൾക്ക് മറ്റ് ക്യാമ്പസുകളിൽ പ്രവേശനം നൽകിയതിനെ ചോദ്യം ചെയ്താണ് എം.ആർ. ഷീബ ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ആന്റി റാഗിംഗ് സ്ക്വാഡ് മാർച്ച് 28ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല തീരുമാനമെടുത്തത്.
കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് 19 പേരെയും കോളേജിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ ഏതാനും വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സിംഗിൾബെഞ്ച് 2024 ഡിസംബർ അഞ്ചിന് നടപടി റദ്ദാക്കി വിദ്യാർത്ഥികളെ മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാൻ അനുവദിച്ചു. ഇതു ചോദ്യംചെയ്ത് ഷീബ നൽകിയ ഹർജിയിൽ പുനരന്വേഷണത്തിന് സർവകലാശാലയ്ക്ക് കോടതി നിർദ്ദേശം നൽകി. ഇതിലും വിദ്യാർത്ഥികൾ കുറ്റക്കാരെന്നു കണ്ടെത്തുകയായിരുന്നു.
പുറത്തായവർ
കെ. അഖിൽ, ആർ.എസ്. കാശിനാഥൻ, യു.അമീൻ അക്ബറലി, കെ. അരുൺ, സിഞ്ചോ ജോൺസൺ, എൻ. ആസിഫ്ഖാൻ, എ. അമൽ ഇഹ്സാൻ, ജെ. അജയ്, എ. അൽത്താഫ്, ഇ.കെ. സൗദ് റിസാൽ, വി. ആദിത്യൻ, മുഹമ്മദ് ധനീഷ്, റെഹാൻ ബിനോയ്, എസ്.ഡി. ആകാശ്, എസ്. അഭിഷേക്, ആർ.ഡി. ശ്രീഹരി, ഡോൺസ് ഡായ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, വി. നസീഫ്.