മാസപ്പടി: കുറ്റപത്രത്തിനായി ഇ.ഡിയുടെ അപേക്ഷ

Friday 11 April 2025 1:53 AM IST

കൊച്ചി: മാസപ്പടിക്കേസിൽ എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മാസപ്പടിയിൽ കള്ളപ്പണം വെളുപ്പിച്ചോയെന്ന് അന്വേഷിക്കാനുള്ള സാദ്ധ്യത പരിശോധിക്കാനാണ് കുറ്റപത്രം വാങ്ങുന്നത്.

കൊച്ചിയിലെ സി.എം.ആർ.എല്ലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്‌സാ ലോജിക്കും തമ്മിൽ നടത്തിയ 2.7 കോടി രൂപയുടെ ഇടപാട് സംബന്ധിച്ചാണ് കുറ്റപത്രം. കേസിൽ വീണയും സി.എം.ആർ.എല്ലും പ്രതികളാണ്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം (പി.എം.എൽ.എ) പ്രകാരം കുറ്റം ചുമത്താൻ കഴിയുന്ന കേസുകൾ ഇ.ഡിക്ക് അന്വേഷിക്കാം. രണ്ടു സ്ഥാപനങ്ങൾ നടത്തിയ ഇടപാടുകൾ പി.എം.എൽ.എയിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കാനാണ് കുറ്റപത്രം കോടതി വഴി വാങ്ങുന്നത്. കുറ്റപത്രം വിശദമായി വിലയിരുത്തി നിയമവശങ്ങളും പഠിച്ചശേഷം അന്വേഷണം സംബന്ധിച്ച് തീരുമാനിക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. അന്വേഷണം സംബന്ധിച്ച രേഖകൾ ലഭിക്കാൻ എസ്.എഫ്.ഐ.ഒയെയും ഇ.ഡി സമീപിച്ചിട്ടുണ്ട്.