ഭൗമസൂചികാ പദവിയോടെ കടൽകടക്കാൻ കണ്ണാടിപ്പായ
തൃശൂർ: വെളിച്ചം തട്ടിയാൽ കണ്ണാടി പോലെ തിളങ്ങും. വർഷങ്ങൾ കഴിഞ്ഞാലും കേടുവരില്ല. നല്ല തണുപ്പും. ആദിവാസി ഉന്നതികളിലെ തനത് ഉത്പന്നമായ കണ്ണാടിപ്പായ ഭൗമസൂചിക പദവിയുടെ തിളക്കത്തോടെ കടൽ കടക്കും. ഭൗമസൂചിക പദവി ലഭിച്ചതോടെ വിദേശ മാർക്കറ്റുകളടക്കം ലക്ഷ്യമിട്ട് ആദിവാസി ഉന്നതികളിൽ നിർമ്മാണം വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്. ഇതിനായി പരിശീലനവും ക്യാമ്പും മറ്റ് സഹായങ്ങളും നൽകും.
ഒരു പായയ്ക്ക് നാലായിരം രൂപയിലേറെ കിട്ടുമെന്നതിനാൽ ആദിവാസികളുടെ വരുമാനവും കൂടും. പ്രതിമാസം അമ്പതെണ്ണമെങ്കിലും നിർമ്മിക്കാനായാൽ ഓൺലൈൻ വിപണിയിലും വിദേശത്തെയടക്കം പ്രധാന ഹൈപ്പർ മാർക്കറ്റുകളിലും പായ എത്തിക്കാം. കൈകൊണ്ടാണ് നിർമ്മാണം. യന്ത്രസഹായവും ലഭ്യമാക്കിയേക്കും. ഗുണനിലവാരത്തിൽ കുറവു വരാതെ ശ്രദ്ധിക്കും. പായയ്ക്കായി വെബ്‌സൈറ്റും ഉണ്ടാക്കും.
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (കെ.എഫ്.ആർ.ഐ) മുൻ ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥിന്റെയും പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എ.വി.രഘുവിന്റെയും പരിശ്രമവും കണ്ണാടിപ്പായയ്ക്ക് ഭൗമസൂചിക പദവി ലഭിക്കാൻ തുണയായി. ആദിവാസി ഉത്പന്നത്തിന് ഭൗമസൂചികാ പദവി ലഭിക്കുന്നത് ആദ്യമാണ്.
ഒരെണ്ണം നിർമ്മിക്കാൻ രണ്ടാഴ്ച
കാടുകളിലെ ഞൂഞ്ഞിൽ എന്ന പ്രത്യേകതരം ഈറ്റ കൊണ്ടുള്ള പായനിർമ്മാണത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വളരെ നേർത്ത പാളികളായാണ് നെയ്യുക. അതിനാൽ പ്രകാശം തട്ടിയാൽ തിളങ്ങും. ഇടുക്കി, തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള ഊരാളി, മണ്ണാൻ, മുതുവ, മലയൻ, കാടർ, ഉള്ളാടൻ, മലയരയൻ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് പായ നെയ്യുന്നത്. ഈറ്റ ചീന്തിയെടുത്ത് പൂപ്പൽ വരാതിരിക്കാൻ രണ്ടു ദിവസം ഉപ്പുവെള്ളത്തിലിടും. ഒരു പായ പൂർത്തിയാക്കാൻ രണ്ടാഴ്ചയെടുക്കും.
ഈടുറ്റവ
80 വർഷത്തോളം കേടുവരില്ല. മുളയുടെ ഉള്ളിൽ മടക്കി കയറ്റാം ചതുരക്കള്ളികൾ പായയ്ക്ക് ഭംഗി കൂട്ടുന്നു. ഈറ്റ പുഴുങ്ങി നിറങ്ങളിൽ മുക്കിയെടുക്കാം
''ഇനി കണ്ണാടിപ്പായയ്ക്ക് വിപണിവില കൂടും. വലിയ സ്വീകാര്യതയുമുണ്ടാകും. സുവർണജൂബിലി വർഷത്തിൽ കെ.എഫ്.ആർ.ഐയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണിത്
-ഡോ.കണ്ണൻ സി.എസ്.വാരിയർ, ഡയറക്ടർ, കെ.എഫ്.ആർ.ഐ