വീട്ടിലെ പ്രസവത്തിനിടെ മരണം : രണ്ട് പേർ കൂടി അറസ്റ്റിൽ

Friday 11 April 2025 4:03 AM IST

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മരിച്ച അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി കുന്നത്ത് മുസ്ലിയാരുടെ ഭാര്യ തെക്കേ തൂമ്പത്ത് വീട്ടിൽ ഫാത്തിമ (58), മകൻ അബൂബക്കർ സിദ്ദിഖ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നിവയ്ക്ക് കൂട്ടുനിന്നു എന്നാണ് ഇരുവർക്കുമെതിരെയുള്ള കുറ്റം. മലപ്പുറം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഫാത്തിമയെ മഞ്ചേരി സബ് ജയിലിലേക്കും അബൂബക്കർ സിദ്ദിഖിനെ തവനൂർ സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്.

അസ്മയുടെ മരണത്തിൽ നേരത്തെ ഭർത്താവ് സിറാജുദ്ദീനെയും അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലെ പ്രസവത്തിനായി ഫാത്തിമയ്‌ക്കൊപ്പം ഇവരുടെ മകനും സഹായിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.