അമേരിക്കൻ വിപണിയിൽ വിൽപ്പന സമ്മർദ്ദം

Friday 11 April 2025 12:08 AM IST

കൊച്ചി: ബുധനാഴ്ചത്തെ ചരിത്ര മുന്നേറ്റത്തിന് ശേഷം ഇന്നലെ അമേരിക്കൻ ഓഹരി സൂചികകൾ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. ചൈനയുമായുള്ള വ്യാപാര യുദ്ധ ആശങ്കകളാണ് വിപണിക്ക് തിരിച്ചടി സൃഷ്‌ടിച്ചത്. ഡൗ ജോൺസ് സൂചിക ഇന്നലെ ആയിരം പോയിന്റ് നഷ്‌ടവുമായാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ചയിലെ വലിയ മുന്നേറ്റത്തിൽ നിന്ന് ലാഭമെടുക്കാൻ വൻകിട ഫണ്ടുകൾ വിൽപ്പന ശക്തമാക്കിയതാണ് തിരിച്ചടി സൃഷ്‌ടിച്ചത്. എസ് ആൻഡ് പി, നാസ്‌ദാക്ക് എന്നിവയിൽ അഞ്ച് ശതമാനം ഇടിവുണ്ടായി. ചൈനയുമായുള്ള വ്യാപാര യുദ്ധം അമേരിക്കയ്ക്ക് വലിയ തിരിച്ചടി സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തുന്നത്. ഏഷ്യയിലെയും യൂറോപ്പിലെയും ഓഹരികൾ ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.

ബുധനാഴ്ച വൻ മുന്നേറ്റം നടത്തിയ മുൻനിര കമ്പനികളുടെ ഓഹരി വില ഇന്നലെ മൂക്കുകുത്തി, അമേരിക്കയ്ക്ക് എതിരെ ലോക രാജ്യങ്ങൾ കൂട്ടായി നീങ്ങുമെന്ന ആശങ്ക ശക്തമായതാണ് നിക്ഷേപകരുടെ വിശ്വാസത്തെ ബാധിച്ചത്.