ആവേശമായി കാവശ്ശേരി പൂരം

Friday 11 April 2025 12:12 AM IST

പാലക്കാട്: ക്ഷേത്രോത്സവങ്ങളിൽ പ്രസിദ്ധമായ കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം വർണാഭമായി. ഇന്നലെ പുലർച്ചെ നിർമാല്യദർശനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തന്ത്രി ഏറനൂർമന പ്രസാദ് നമ്പൂതിരിപ്പാടും മേൽശാന്തി രാമചന്ദ്രഭട്ടും ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. രാവിലെ ഏഴിന് ക്ഷേത്രാങ്കണത്തിൽ കാവശ്ശേരി ബ്രാഹ്മണസമൂഹത്തിന്റെ വേദപാരായണവും 10ന് പഞ്ചാരിമേളവും നടന്നു. ഉച്ചയ്ക്ക് 12.30ന് മൂന്ന് ദേശങ്ങളിലും മന്ദുമുഴക്കിയശേഷം, കഴനിചുങ്കം കേന്ദ്രീകരിച്ച് വാവുള്ള്യാപുരം, കഴനി, കാവശ്ശേരി ദേശക്കാർ ഉച്ചയീട് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് ക്ഷേത്രത്തിൽ നിന്ന് കൂട്ടാലയിലേക്ക് ഗുരുവായൂർ നന്ദൻ ഭഗവതിയുടെ തിടമ്പുകയറ്റി പുറപ്പെട്ടു. വൈകീട്ട് 9 ആനകൾ അണിനിരന്ന എഴുന്നള്ളത്ത് ഗണപതികോവിൽ വഴി ഈടുവെടിയാൽ പന്തലിൽ നിരക്കുമ്പോൾ പാണ്ടിമേളം തുടങ്ങി. എസ്.എൻ.ഡി.പി പകൽപ്പൂര കമ്മിറ്റിയുടെ വെടിക്കെട്ടിനുശേഷം എഴുന്നള്ളത്ത് കാവുകയറി. രാത്രി ഒമ്പതിന് ക്ഷേത്രത്തിൽനിന്ന് കുത്തുവിളക്ക് പുറപ്പെട്ടു. ബന്ധദേശമായ അത്തിപ്പൊറ്റക്കാർ വാവുള്ള്യാപുരത്തെത്തി കുതിരയെ വണങ്ങി. പറവേല ഊർവലമെത്തി കുടകുമ്പിടുന്നതോടെ കുതിര പുറപ്പെട്ടു. കാവശ്ശേരി ദേശക്കുതിര എഴുന്നള്ളത്ത് ശങ്കരമൂച്ചിയിൽ നിന്നാരംഭിക്കും. ഇന്ന് പുലർച്ചെ ഒന്നിന് ദേശക്കുതിരകൾ ഈട് വെടിയാലിങ്കൽ എത്തിയതോടെ മൂന്ന് ദേശക്കാരും ഊഴമനുസരിച്ച് വെടിക്കെട്ടാരംഭിച്ചു. 16ന് നടതുറന്ന് പഴംപൂരം ആഘോഷിക്കും.