കൺസ്യൂമർഫെഡ് വിഷു- ഈസ്റ്റർ വിപണി നാളെ മുതൽ

Friday 11 April 2025 12:02 AM IST
കൺസ്യൂമർഫെഡ്

കോഴിക്കോട്: 13 ഇനം നിത്യോപയോഗ സാധനങ്ങളുമായി കൺസ്യൂമർ ഫെഡ് വിഷു -ഈസ്റ്റർ വിപണികൾ നാളെ മുതൽ സജീവമാകും. ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കൺസ്യൂമർഫെഡ് മുൻ ചെയർമാൻ എം. മെഹബൂബ് നിർവഹിക്കും. സഹകരണ സംഘം ജോ. രജിസ്ട്രാർ ഷീജ ആദ്യവില്പന നിർവഹിക്കും. ജില്ലയിലെ 15 ത്രിവേണി സൂപ്പർമാർക്കറ്റുകളോടനുബന്ധിച്ചാണ് വിഷു- ഈസ്റ്റർ സഹകരണ വിപണികൾ ആരംഭിക്കുന്നത്. 22 വരെ നീണ്ടു നിൽക്കും.

ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. കേരളത്തിലെ വിവിധ സഹകരണ സംഘങ്ങൾ കേരകർഷകരിൽ നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണ്ണകളാണ് വിപണികളിലെത്തുന്നത്. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങി വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭിക്കും. നോൺ-സബ്സിഡി ഇനങ്ങൾ 10 മുതൽ 35 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ത്രിവേണി ബ്രാന്റിൽ കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, വെല്ലം, ഡാൽഡ, സേമിയ എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും. ഒരു ദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ വിപണികളിൽ നിന്ന് ലഭിക്കുക. മുതലക്കുളത്തെ ജില്ലാവിപണന കേന്ദ്രത്തിൽ ഒരു ദിവസം 150 പേർക്ക് സാധനങ്ങൾ നൽകും. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് വഴി നിയന്ത്രണ വിധേയമായാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്.