ലഹരിക്കടത്തും ഉപയോഗവും 98 ദിവസം, വിലങ്ങിൽ വീണത് 1157 കൈകൾ
കൂടുതലും എം.ഡി.എം.എ കേസ്
കോഴിക്കോട്: ലഹരിക്കടത്തിനും ഉപയോഗത്തിനും വിലങ്ങിടാൻ പൊലീസ് കച്ചമുറുക്കിയതോടെ 98 ദിവസത്തിനകം
കുരുങ്ങിയത് 1157 പേർ. ഈ വർഷം ഏപ്രിൽ എട്ടുവരെ സിറ്റിയിൽ മാത്രം 1101 കേസുകളും രജിസ്റ്റർ ചെയ്തു. ഈ മാസം മാത്രം 62 കേസുകളിലായി 66 പേരാണ് അറസ്റ്റിലായത്. 13.3 ഗ്രാം എം.ഡി.എം.എയും പിടികൂടി. അറസ്റ്റിലായവർ ഏറെയും എം.ഡി.എം.എ കേസുകളിലാണ്. 2037.44 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഇതിൽ 6.58 ഗ്രാം എം.ഡി.എം.എ ഗുളികകളാണ്. ഗ്രാമിന് പതിനായിരത്തിലധികം രൂപയാണ് ഇവയുടെ വില. ഹാഷിഷ്, കഞ്ചാവ്, മെത്താഫിറ്റമിൻ തുടങ്ങിയവും പിടികൂടിയവയിലുണ്ട്. 40.296 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
കണ്ണ് ചിമ്മാതെ പൊലീസ്
ജില്ലയിൽ ലഹരിക്കടത്തും വിതരണവും പിടികൂടുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പൊലീസ് ശക്തമായ പരിശോധന തുടരുകയാണ്. ലഹരി കടത്തുകാരുടെയും ഹോട്ട് സ്‌പോട്ടുകളുടെയും സമഗ്രമായ പട്ടിക തയ്യാറാക്കി ഇവിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുകയും ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. താമരശ്ശേരി ചുരം ഭാഗങ്ങളിലും അതിർത്തി പ്രദേശങ്ങളിലും പൊതുഗതാഗതം, ടൂറിസ്റ്റ് ബസുകൾ, ആഢംബര വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സംശയാസ്പദമായ വാഹനങ്ങളിലും പ്രത്യേക പരിശോധന നടന്നുവരികയാണ്. ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യുകയാണ്. മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനവും ലഹരി വിൽപനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തു വകകളും പൊലീസ് പിടിച്ചെടുക്കുന്നുണ്ട്.
മാസം..............ആകെ കേസ്....കഞ്ചാവ് (കിലോ) -എം.ഡി.എം.എ (ഗ്രാം)
ജനുവരി.............99-.........................10.64556.........................546.42
ഫെബ്രുവരി.......445........................35.883............................1233.289
മാർച്ച്.....................495........................2.563...............................237.858
ഏപ്രിൽ (8വരെ)..62..........................0.1451..............................13.3
'' മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. മയക്കുമരുന്ന് കച്ചവടത്തിലെ മുഴുവൻ ആളുകളെയും പിടികൂടുന്നതിനായി മറ്റു സംസ്ഥാനങ്ങളിലെ വിവിധ ഏജൻസികളുമായി സഹകരിച്ചാണ് പ്രവർത്തനം. അരുൺ.കെ.പവിത്രൻ, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ.