സ്വർണ വിലയിൽ ചരിത്രക്കുതിപ്പ്
പവൻ വില 2,160 രൂപ ഉയർന്ന് 68,480 രൂപയിലെത്തി
കൊച്ചി: അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമായതോടെ സ്വർണ വിലയിൽ ഇന്നലെ ചരിത്ര മുന്നേറ്റമുണ്ടായി. ബുധനാഴ്ച മാത്രം രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് നൂറ് ഡോളറിലധികമാണ് ഉയർന്നത്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 2,160 രൂപ വർദ്ധിച്ച് 68,480 രൂപയിലെത്തി. ചരിത്രത്തിലാദ്യമായാണ് ഒരുദിവസം വില ഇത്രയേറെ വർദ്ധിക്കുന്നത്. ഗ്രാമിന്റെ വില 270 രൂപ വർദ്ധിച്ച് 8,560 രൂപയിലെത്തി.
ചൈന ഒഴികെയുളള രാജ്യങ്ങൾക്കെതിരെയുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചെങ്കിലും ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ ഏറുകയാണ്. അമേരിക്കയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി ചൈന 84 ശതമാനം തിരിച്ചടി തീരുവ ർപ്പെടുത്തിയതും വീണ്ടും അമേരിക്ക ചുങ്കം വർദ്ധിപ്പിച്ചതും നിക്ഷേപകരെ ആശങ്കാകുലരാക്കി. സുരക്ഷിതത്വം തേടി നിക്ഷേപകർ സ്വർണത്തിലേക്ക് പണമൊഴുക്കിയതോടെ രാജ്യാന്തര വില 3,120 ഡോളറായി കുതിച്ചു.
അമേരിക്കയ്ക്ക് തിരിച്ചടി നൽകാൻ കൈവശമുള്ള ഒരു ലക്ഷം കോടി ഡോളർ ചൈന വിറ്റഴിക്കുമെന്ന ആശങ്കയാണ് സ്വർണത്തിന് കരുത്തായത്.
ആഭരണ വില പവന് 74,000 രൂപ കവിയും
പുതിയ സാഹചര്യത്തിൽ കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങുന്നതിന് നിലവിൽ ജി.എസ്.ടിയും സെസും പണിക്കൂലിയും ഉൾപ്പെടെ 74,000 രൂപയിലധികമാകും.
വ്യാപാരികൾ ആശങ്കയിൽ
വില കുറയുമെന്ന പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിംഗ് എടുത്ത സ്വർണ വ്യാപാരികൾ കനത്ത നഷ്‌ടമാണ് നേരിടുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.