തസ്തിക വെട്ടിക്കുറച്ചും താത്കാലിക നിയമനം
തിരുവനന്തപുരം: പി.എസ്.സിയെ നോക്കുകുത്തിയാക്കി 'വേണ്ടപ്പെട്ടവരെ' സർവകലാശാലകളിൽ നിയമിക്കാൻ സ്ഥിരം തസ്തികകൾ വെട്ടിക്കുറച്ചും തിരിമറി. കാർഷിക സർവകലാശാലയിൽ മാത്രം 213 തസ്തികകളാണ് വെട്ടിക്കുറച്ചത്. ഡ്രൈവറുടെ 84 ഒഴിവുകൾ പലപ്പോഴായി ചുരുക്കി 34ആക്കി. എം.ജിയിലും കേരളയിലുമെല്ലാം തസ്തികകൾ കുറയ്ക്കുകയാണ്. 25 ഡ്രൈവർ തസ്തികകളുള്ള കേരളയിൽ ഒന്നു പോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. റാങ്ക്ലിസ്റ്റിൽ 750പേർ കാത്തിരിക്കുമ്പോഴാണിത്. മറ്റ് സർവകലാശാലകളും ഇതേ പാതയിലാണ്.
ഇ-ഓഫീസ് സംവിധാനമേർപ്പെടുത്തിയതിന്റെ പേരിലാണ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതെങ്കിലും പകരമായി ഇരട്ടിയോളം താത്കാലികക്കാരെയാണ് നിയമിക്കുന്നത്.താത്കാലികക്കാരെ നിയമിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിൽ ജോലിചെയ്യുന്നവരെ ആഭ്യന്തര നിയമനം വഴി ഡ്രൈവറടക്കമുള്ള തസ്തികകളിലേക്ക് മാറ്റി നിയമിക്കുന്നുണ്ട്. ഒഴിവുകളുടെ പകുതി ആഭ്യന്തര നിയമനത്തിലൂടെയാണ് കാർഷിക സർവകലാശാല നികത്തുന്നത്. ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം മാത്രമേ പാടുള്ളൂവെന്നും കാർഷിക വാഴ്സിറ്റി ഉത്തരവിറക്കിയിട്ടുണ്ട്.
താത്കാലിക നിയമനങ്ങൾ
രാഷ്ട്രീയ ശുപാർശയിൽ
രാഷ്ട്രീയ ആഭിമുഖ്യം നോക്കിയുള്ള താത്കാലിക നിയമനങ്ങൾ സിൻഡിക്കേറ്റംഗങ്ങളുടെ ശുപാർശയിലാണ് നടത്തുന്നത്. സർവകലാശാലകളിലെ 40 ലേറെ തസ്തികകളിൽ എട്ടെണ്ണത്തിൽ മാത്രമാണ് പി.എസ്.സി നിയമനത്തിനുള്ള സ്പെഷ്യൽറൂളുണ്ടാക്കിയത്. അതിൽ ഉൾപ്പെടുന്ന ഡ്രൈവർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് റാങ്ക്പട്ടികകൾ നിലനിൽക്കവേയാണ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതും താത്കാലിക നിയമനങ്ങൾ നടത്തുന്നതും. താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന സർക്കാർ നിർദ്ദേശവും വാഴ്സിറ്റികൾ വകവയ്ക്കുന്നില്ല.
കാർഷികസർവകലാശാലയിൽ
വെട്ടിക്കുറച്ച തസ്തികകൾ
കമ്പ്യൂട്ടർ അസിസ്റ്റന്റ്-----------------35
എൽ.ജി.എസ്---------------------------135
ലാബ് അസിസ്റ്റന്റ് ഗ്രേഡ്-3-----------10
ക്ലറിക്കൽ അസിസ്റ്റന്റ്------------------20
ലാബ് അസിസ്റ്റന്റ്------------------------10
ഡ്രൈവർ-----------------------------------33
ആകെ----------------------------------------213
''ഓരോ വിഭാഗത്തിലെയും താത്കാലിക ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിഭാഗങ്ങളിലടക്കം താത്കാലികക്കാരെ അനുവദിക്കാനാവില്ല''
-ഡോ.മോഹനൻ കുന്നുമ്മേൽ
കേരള സർവകലാശാലാ വി.സി