വെറ്ററിനറി വി.സി നിയമനം: ഗവർണറുടെ പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി യോഗം 15ന്

Friday 11 April 2025 3:39 AM IST

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയുടെ വൈസ്ചാൻസലറെ കണ്ടെത്താൻ ഗവർണറുടെ പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി 15ന് യോഗം ചേരും. യു.ജി.സിയുടെ പുതിയ കരടുനയം അന്തിമമാവും മുൻപേ നിയമനത്തിനാണ് നീക്കം.

സെർച്ച് കമ്മിറ്റിയുടെ ശുപാർശ ഗവർണർ അംഗീകരിക്കാൻ ഇടയില്ല. സസ്പെൻഷനിലായിരുന്ന വൈസ്ചാൻസലർ ഡോ.എം.ആർ. ശശീന്ദ്രനാഥിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് സർക്കാർ സെർച്ച് കമ്മിറ്റിയുണ്ടാക്കിയത്. രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള അഞ്ചംഗ കമ്മിറ്റിയാണിത്.

പ്രൊഫ.നീലിമ ഗുപ്ത (യു.ജി.സി പ്രതിനിധി), ഡോ.ബി.ഇക്ബാൽ (വാഴ്സിറ്റി പ്രതിനിധി), പ്രൊഫ. പി.രാജേന്ദ്രൻ (സർക്കാർ പ്രതിനിധി), പ്രൊഫ. രമൺ സുകുമാർ (ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി), ഡോ.രാഘവേന്ദ്ര ഭാട്ട (ഐ.സി.എ.ആർ പ്രതിനിധി) എന്നിവരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്. 15ന് തിരുവനന്തപുരം ഗവ. ഗസ്റ്റിഹൗസിലാണ് യോഗം. 12 പേർ അപേക്ഷിച്ചിട്ടുണ്ട്. വെറ്ററിനറി യൂണിവേഴ്സിറ്റി നിയമത്തിൽ ഗവർണറുടെ പ്രതിനിധി സെർച്ച്‌ കമ്മിറ്റിയിൽ ഉണ്ടെങ്കിലും അത് പാലിക്കാതെയാണ് സർക്കാരിന്റെ സെർച്ച് കമ്മിറ്റി. സംസ്ഥാനത്തിന് പുറത്തുള്ള രണ്ട് കമ്മിറ്റി അംഗങ്ങൾക്കുള്ള വിമാന ടിക്കറ്റ് സർവകലാശാല നൽകിയിട്ടുണ്ട്. ഇതുവരെ ഗവർണറാണ് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചിരുന്നത്. കമ്മിറ്റി നൽകുന്ന പാനലിൽ നിന്നൊരാളെ ഗവർണർ വി.സിയായി നിയമിക്കാറാണ് പതിവ്.