ചെങ്ങന്നൂർ പൊലീസ് വീട്ടമ്മയുടെ കൈ തല്ലിയൊടിച്ചെന്ന് പരാതി
ചെങ്ങന്നൂർ : അയൽവാസിയായ സ്ത്രീയുടെ കുടുംബ വിഷയവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാൻ കൂട്ടിന് പോയ വീട്ടമ്മയെ പൊലീസ് മർദ്ദിച്ചെന്ന പരാതി . കൈയ്ക്ക് മൂന്ന് പൊട്ടലുണ്ട്.തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡ് തറയിൽ ടി.ബി. രാധയ്ക്കാണ് (53) മർദ്ദനമേറ്റത്. ചെങ്ങന്നൂർ പ്രിൻസിപ്പൽ എസ്.ഐ എസ്. പ്രദീപാണ് മർദ്ദിച്ചതെന്ന് വീട്ടമ്മ പറയുന്നു. സംഭവത്തെപ്പറ്റി രാധ പറയുന്നത് ഇങ്ങനെ:. തിങ്കളാഴ്ച രാവിലെയാണ് അയൽവാസിയായ തറയിൽ പടിഞ്ഞാറേതിൽ ലീലാമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ലീലാമ്മയ്ക്ക് ഒപ്പം താമസിക്കുന്ന തുളസിയുമായി ചൊവ്വാഴ്ച ഇവരുടെ വീട്ടിലെത്തിയ പൊലീസ് തന്നെ വിളിപ്പിച്ചു. അവിടെവച്ച് തുളസി തന്നെ അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോൾ പ്രിൻസിപ്പൽ എസ്ഐ പ്രദീപ് വടികൊണ്ട് പുറത്തും കഴുത്തിന് പിൻവശത്തും മർദ്ദിക്കുകയും, കൈയ്ക്ക് ശക്തമായി അടിക്കുകയുമായിരുന്നു. മർദ്ദനമേറ്റ് താൻ താഴെ വീണു . കൈയ്ക്കു നീരു വന്നതോടെ പിന്നീട് പൊലീസ് സ്റ്റേഷനിൽ പോയി. അവിടെവച്ച് പൊലീസുകാർ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലാക്കി. തുടർന്ന് പൊലീസ് ജീപ്പിൽ തന്നെ വീട്ടിൽ കൊണ്ടുവിട്ടു. അടുത്ത ദിവസം രാവിലെ എക്സറേ എടുത്തു പരിശോധിച്ചപ്പോൾ ഇടത് കൈവിരലിനു മൂന്നു പൊട്ടലും ആഴമേറിയ മുറിവുമുണ്ടെന്ന് കണ്ടെത്തി. ദേഹത്ത് നീരുവച്ചിട്ടുണ്ടെന്നും രാധ പറഞ്ഞു. ഇവരെ ജില്ലാ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. സംഭവത്തിൽ പൊലീസിലും, വനിത, മനുഷ്യാവകാശ കമ്മിഷനുകളിലും പരാതി നൽകിയിട്ടുണ്ട്.
അടിസ്ഥാന രഹിതമെന്ന് പൊലീസ്
സംഭവത്തിൽ ചെങ്ങന്നൂർ എസ്.എച്ച്.ഒ യോട് അന്വേഷിച്ച് റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രമ മദ്യലഹരിയിലായിരുന്നു. എസ്.ഐ അവരെ മർദ്ദിച്ചിട്ടില്ല.
എം. ബിനുകുമാർ ഡിവൈ.എസ്.പി ചെങ്ങന്നൂർ