കർഷകരുടെ നാട്ടുവിപണി കുറ്റൂരിലും, നാളെ തുടക്കം
തിരുവല്ല : കുറ്റൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കർഷകരുടെ ചിരകാല അഭിലാഷമായ പച്ചക്കറി വിപണിക്ക് നാളെ തുടക്കമാകും. എം.സി റോഡരികിൽ കുറ്റൂർ ആറാട്ടുകടവിനും സഹകരണ ബാങ്കിനും ഇടയിൽ നാളെ ഉച്ചയ്ക്കുശേഷം 3.30ന് കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് കർഷകരുടെ വിപണി ഉദ്ഘാടനം ചെയ്യും. കൃഷി ഓഫീസർ താരാ മോഹൻ അദ്ധ്യക്ഷത വഹിക്കും. എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 4.30 മുതൽ 6.30 വരെ നാടൻ വിഭവങ്ങളുടെ വിപണനം നടക്കും. കുറ്റൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് വിപണി.
ഉപഭോക്താക്കളുടെ സംതൃപ്തിയിൽ ഇടനാട് പുത്തൻകാവ് ഐക്കാട് പാലത്തിന് സമീപം വെള്ളിയാഴ്ചകളിലും ചെങ്ങന്നൂർ മുണ്ടൻകാവിൽ ശനിയാഴ്ചകളിലും ആലയിൽ ഞായറാഴ്ചകളിലും കോയിപ്രത്ത് വ്യാഴാഴ്ചകളിലും ഇപ്പോൾ നാട്ടുവിപണി വിജയകരമായി നടന്നുവരുന്നു. നാട്ടുവിപണി ഇല്ലാത്ത ദിവസങ്ങളിൽ വാട്സ്ആപ്, ഫേസ് ബുക്ക് എന്നിവയിലൂടെയാണ് സാധനങ്ങളുടെ വിൽപ്പന നടക്കുന്നത്. ആയിരത്തോളം ആളുകൾ ഗ്രൂപ്പിൽ അംഗങ്ങളായുണ്ട്. ലഭ്യമായ സാധനങ്ങളുടെ വിവരങ്ങളും ബന്ധപ്പെടേണ്ട ഫോൺനമ്പരും വിപണി ഗ്രൂപ്പുകളിൽ ഇട്ട് ഓർഡർനേടി നല്ലരീതിയിൽ കച്ചവടം നടക്കുന്നുണ്ട്. . കർഷകരായ സന്തോഷ് വി.ആർ, ബിനുകുമാർ, സാമൂവേൽ, ശ്രീവല്ലഭൻ നായർ, മനോജ്, ചാക്കോ മാത്യു എന്നിവർ നേതൃത്വം നൽകും.
കാർഷിക വിഭവങ്ങൾ കുറഞ്ഞ വിലയിൽ
വിഷരഹിതമായ നാടൻ കാർഷിക വിഭവങ്ങൾക്ക് ഇടനിലക്കാരില്ലാതെ ഉപഭോക്താവിന് കുറഞ്ഞ വിലയും കർഷകന് പരമാവധി വിലയും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മുപ്പതോളം കർഷകരിൽ നിന്ന് നേരിട്ട് വാങ്ങുന്ന ഇരുപത് വ്യത്യസ്ത പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ, പാൽ, മുട്ട, കൂൺ, തേൻ, വെളിച്ചെണ്ണ തുടങ്ങിയ എല്ലാ നാടൻ വിഭവങ്ങളും വിപണിയെ ഊർജ്ജിതമാക്കും. വീടുകളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ, പായസങ്ങൾ, അച്ചാറുകൾ, കുടുംബശ്രീയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ എന്നിവയെല്ലാം നാട്ടുവിപണിയിലൂടെ വാങ്ങാനും വിൽക്കാനും സാധിക്കും.
@ കർഷകരാൽ സ്വയം നിയന്ത്രിത വിപണി .
@ മാർക്കറ്റ് വില അനുസരിച്ച് നിശ്ചയിക്കുന്ന ഏകീകൃത വില .
@ മുപ്പതോളം കർഷകരുടെ കൂട്ടായ്മ
........................
വിഷരഹിതമായ നാടൻ ഉല്പന്നങ്ങൾ പൊതുവിപണിയെക്കാൾ വിലക്കുറവിൽ നാട്ടുവിപണിയിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും സന്തോഷ് വി.ആർ ( കർഷകൻ )
.....................
20 പച്ചക്കറി ഇനങ്ങൾ
30 കർഷകരുടെ കൂട്ടായ്മ