നാലും നേടി ഡൽഹി, തുടർച്ചയായ നാലാം മത്സരത്തിലും ജയിച്ച് ഡൽഹി ക്യാപ്പിറ്റൽസ്
ആർ.സി.ബി 163/7
ഡൽഹി ക്യാപ്പിറ്റൽസ് 169/4
ഈ സീസണിലെ തുടർച്ചയായ നാലാം മത്സരത്തിലും ജയിച്ച് ഡൽഹി ക്യാപ്പിറ്റൽസ്
ഇന്നലെ ചിന്നസ്വാമിയിൽ ആർ.സി.ബിയെ കീഴടക്കിയത് ആറുവിക്കറ്റിന്
ബെംഗളുരു : ഈ സീസണിലെ ആദ്യ നാലുമത്സരങ്ങളിലും വിജയിക്കാൻ കഴിഞ്ഞ ഏകടീമായി ഡൽഹി ക്യാപ്പിറ്റൽസ്. ഇന്നലെ ആർ.സിബിക്ക് എതിരെ ആറുവിക്കറ്റിനായിരുന്നു ഡൽഹിയുടെ നാലാം വിജയം. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹിയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ ആർ.സി.ബിക്ക് 163/7 എന്ന സ്കോറേ ഉയർത്താനായുള്ളൂ. മറുപടിക്കിറങ്ങിയ ഡൽഹി 17.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
നാലോവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവും നാലോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ വിപ്രജ് നിഗവും ഓരോ വിക്കറ്റ് വീഴ്ത്തിയ പേസർമാരായ മുകേഷ് കുമാറും മോഹിത് ശർമ്മയും ചേർന്നാണ് ആർ.സി.ബിയെ നിയന്ത്രിച്ചത്. മറുപടി ബാറ്റിംഗിൽ ഫാഫ് ഡുപ്ളെസി (2), ജേക്ക് ഫ്രേസർ മിക്ഗുർക്ക് (7),അഭിഷേക് പൊറേൽ (7),അക്ഷർ പട്ടേൽ (15) എന്നിവർ പുറത്തായി 8.4 ഓവറിൽ 58/4 എന്ന നിലയിലായിരുന്ന ഡൽഹിയെ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച കെ.എൽ രാഹുലും (53 പന്തുകളിൽ പുറത്താകാതെ 93 റൺസ്), ട്രിസ്റ്റൺ സ്റ്റബ്സും (23 പന്തുകളിൽ പുറത്താകാതെ 38 റൺസ്) ചേർന്നാണ് 13 പന്തുകൾ ബാക്കിനിൽക്കേ വിജയത്തിലെത്തിച്ചത്. ഏഴ് ഫോറുകളും ആറ് സിക്സുകളും പായിച്ച രാഹുലിന്റെ ഈ സീസണിലെ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയാണിത്. 111 റൺസാണ് അഞ്ചാം വിക്കറ്റിൽ രാഹുലും സ്റ്റബ്സും കൂട്ടിച്ചേർത്തത്.
ഓപ്പണർമാരായ ഫിൽ സാൾട്ടും (37) വിരാട് കൊഹ്‌ലിയും (22) നന്നായി തുടങ്ങിയെങ്കിലും 3.5 ഓവറിൽ ടീം സ്കോർ 61ൽ നിൽക്കുമ്പോൾ സാൾട്ട് റൺ ഔട്ടായത് ആർ.സി.ബിയുടെ റൺറേറ്റിന്റെ ചടുലത കുറച്ചു. ദേവ്‌ദത്ത് പടിക്കൽ(1),വിരാട് , ലിയാം ലിവിംഗ്സ്റ്റൺ (4), ജിതേഷ് ശർമ്മ (3) എന്നിവരുടെ പുറത്താകലോടെ ടീം 12.2 ഓവറിൽ 102/5 എന്ന നിലയിലായി.തുടർന്ന് രജത് പാട്ടീദാർ(25),ക്രുനാൽ പാണ്ഡ്യ (18), ടിം ഡേവിഡ് (37*) എന്നിവർചേർന്നാണ് 163ലെത്തിച്ചത്.
ഇന്നത്തെ മത്സരം
ചെന്നൈ
Vs
കൊൽക്കത്ത
7.30 pm മുതൽ