ഫോർ സ്റ്റാർ ബാഴ്സ

Friday 11 April 2025 12:12 AM IST

ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ 4-0ത്തിന് തകർത്ത് ബാഴ്സലോണ

ബാഴ്സലോണ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യ പാദത്തിൽ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെതിരെ തകർപ്പൻ ജയം നേടി സ്പാനിഷ് ക്ളബ് ബാഴ്സലോണ. സ്വന്തം തട്ടകത്തിൽ ന‌ടന്ന മത്സരത്തിൽ മറുപ‌ടിയില്ലാത്ത നാലുഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. അടുത്ത ചൊവ്വാഴ്ച രാത്രി നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഇതേമികവ് പുലർത്താനായാൽ ബാഴ്സയ്ക്ക് ‌ഈസിയായി സെമിയിലേക്ക് കടക്കാം.

ഇരട്ട ഗോളുകൾ നേടിയ റോബർട്ട് ലെവൻഡോവ്സ്കിയും ഓരോഗോളടിച്ച റഫീഞ്ഞയും ലാമിൻ യമാലും ചേർന്നാണ് ബാഴ്സയ്ക്ക് വിജയമൊരുക്കിയത്. 25-ാം മിനിട്ടിൽ ഒരു ഫ്രീകിക്കിനെത്തുടർന്ന് കിട്ടിയ പാസാണ് റഫീഞ്ഞ ബാഴ്സയു‌ടെ ആദ്യ ഗോളാക്കി മാറ്റിയത്.‌ ഈ ഗോളിന് ആദ്യ പകുതിയിൽ ബാഴ്സ ലീഡ് ചെയ്തു. 48-ാം മിനിട്ടിൽ റഫീഞ്ഞയുടെ അസിസ്റ്റിൽ നിന്നാണ് ലെവാൻഡോവ്സ്കി ടീമിന്റെ രണ്ടാമത്തെ ഗോൾ കുറിച്ചത്.66-ാം മിനിട്ടിൽ ലോപ്പസിന്റെ പാസിൽ നിന്ന് ലെവാൻഡോവ്സ്കിയുടെ അടുത്ത ഗോളും പിറന്നു. 77-ാം മിനിട്ടിൽ ലാമിൻ യമാലിലൂടെ പിറന്ന അവസാന ഗോളിനും വഴിയൊരുക്കിയത് റഫീഞ്ഞയാണ്.

1-0

25-ാം മിനിട്ട്

റഫീഞ്ഞ

2-0

48-ാം മിനിട്ട്

ലെവാൻഡോവ്സ്കി

3-0

66-ാം മിനിട്ട്

ലെവാൻഡോവ്സ്കി

4-0

77-ാം മിനിട്ട്

ലാമിൻ യമാൽ

2018-19 സീസണിൽ ഒളിമ്പിക് ലിയോണിനെ 5-1ന് തോൽപ്പിച്ചശേഷമുള്ള ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ ബാഴ്സയുടെ ഏറ്റവും ഉയർന്ന വിജയമാണിത്.

ആസ്റ്റൺ വില്ലയെ

അടിച്ചിട്ട് പി.എസ്.ജി

കഴിഞ്ഞരാത്രി ന‌ടന്ന മറ്റൊരു ആദ്യപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി 3-1ന് ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ലയെ ആദ്യ പാദത്തിൽ കീഴടക്കി. പാരീസിൽ നടന്ന മത്സരത്തിന്റെ 35-ാം മിനിട്ടിൽ മോർഗൻ റോജസിലൂടെ ഗോളടിച്ച് മുന്നിലെത്തിയ ആസ്റ്റൺ വില്ലയ്ക്ക് നാലു മിനിട്ടിനകം ഡിസീറെ ഡുയേയിലൂടെ പി.എസ്.ജി തിരിച്ചടി നൽകി. 49-ാം മിനിട്ടിൽ വരാത്‌സ്കേലിയയും 90+2-ാം മിനിട്ടിൽ ന്യൂനോ മെൻഡസും പാരീസിന്റെ പട്ടിക പൂർത്തിയാക്കി.

അടുത്ത ചൊവ്വാഴ്ച രാത്രിയാണ് രണ്ടാം പാദ ക്വാർട്ടർ ഫൈനലുകൾ.