ഐ.എസ്.എൽ ഫുട്ബാൾ : കലാശപ്പോ‌രിന് കളമൊരുങ്ങി

Friday 11 April 2025 12:16 AM IST

മോഹൻ ബഗാനും ബെംഗളുരു എഫ്.സിയും തമ്മിലുള്ള ഐ.എസ്.എൽ ഫൈനൽ നാളെ

കൊൽക്കത്ത : ഐ.എസ്.എൽ ഫുട്ബാളിന്റെ 11-ാം സീസണിലെ ജേതാക്കളെ നാളെയറിയാം. മുൻ ചാമ്പ്യന്മാരായ മോഹൻ ബഗാനും ബെംഗളുരു എഫ്.സിയും തമ്മിലാണ് ഈ സീസണിലെ കലാശപ്പോരാട്ടം. മോഹൻ ബഗാന്റെ തട്ടകമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇക്കുറി ഫൈനൽ നടക്കുന്നത്.

കിരീട‌മോഹവുമായി

മോഹൻ ബഗാൻ

  • തുടർച്ചയായ മൂന്ന് സീസണുകളിൽ ഫൈനലിൽ കളിക്കുന്ന ആദ്യ ടീമെന്ന റെക്കാഡുമായാണ് ഇക്കുറി മോഹൻ ബഗാൻ കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
  • പ്രാഥമിക ലീഗിലെ 24 മത്സരങ്ങളിൽ 17 വിജയങ്ങളും അഞ്ച് സമനിലകളുമായി 56 പോയിന്റ് നേടി ഒന്നാമന്മാരായി ബഗാൻ നേരിട്ട് സെമിയിലേക്ക് എത്തുകയായിരുന്നു.
  • ഇരുപാദങ്ങളിലായി നടന്ന സെമിയിൽ ജംഷഡ്പുരിനെ മറികട‌ന്നാണ് ബഗാൻ ഫൈനലിലെത്തിയത്.
  • ആദ്യ പാദ സെമിയിൽ 1-2ന് തോറ്റിരുന്ന ബഗാൻ സാൾട്ട് ലേക്കിൽ നടന്ന രണ്ടാം സെമിയിൽ 2-0ത്തിന് ജയിച്ചാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.
  • ജാസൺ കമ്മിംഗ്സ്,മക്ലാരൻ, ലിസ്റ്റൺ കൊളാക്കോ, അനിരുദ്ധ് ഥാപ്പ,അപൂയ,ലാലെംഗ്‌മാവിയ റാൽതെ, സുഭാഷിഷ് ബോസ്, ഗോളി വിശാൽ ഖെയ്ത്ത് തുടങ്ങിയവരാണ് ബഗാൻ നിരയിലെ കരുത്തർ.
  • 2023ലെ ഫൈനലിലാണ് ബഗാൻ കിരീടം ചൂടിയത്. കഴിഞ്ഞ വർഷം നടന്ന ഫൈനലിൽ ഇതേവേദിയിൽ മുംബയ് സിറ്റിയോട് 1-3ന് തോൽക്കുകയായിരുന്നു.

നാലാം ഫൈനലിന്

ബെംഗളുരു എഫ്.സി

  • ഇത് നാലാം വട്ടമാണ് ബെംഗളുരു എഫ്.സി ഐ.എസ്.എൽ ഫൈനലിൽ കളിക്കുന്നത്. 2017-18 സീസണിലായിരുന്നു ഐ.എസ്.എൽ പ്രവേശനം. അത്തവണ റണ്ണേഴ്സ് അപ്പായി.
  • 2018-19 സീസണിൽ ആദ്യ ഐ.എസ്.എൽ കിരീ‌ടം നേടി. 2022-23 സീസണിൽ വീണ്ടും ഫൈനലിലെത്തിയെങ്കിലും മോഹൻ ബഗാനോട് തോറ്റ് റണ്ണേഴ്സ് അപ്പായി.
  • ഇക്കുറി പ്രാഥമിക ലീഗിലെ 24 മത്സരങ്ങളിൽ 11ജയം നേടി 38 പോയിന്റ് നേട‌ിയ ബെംഗളുരു പ്ളേഓഫിൽ നിലവിലെ ചാമ്പ്യന്മാരായ മുംബയ് സിറ്റിയെ തോൽപ്പിച്ചാണ് സെമിയിലെത്തിയത്.
  • ഗോവയ്ക്ക് എതിരായ സെമിയുടെ ആദ്യപാദത്തിൽ 2-0ത്തിന് ജയിച്ചതിനാൽ രണ്ടാം പാദത്തിൽ 1-2ന് തോറ്റിട്ടും സെമിയിലെത്തി.
  • വിരമിക്കൽ പിൻവലിച്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ സുനിൽ ഛെത്രിയുടെ ചിറകിലേറിയാണ് ബെംഗളുരു പറക്കുന്നത്. അലക്സാണ്ടർ ജൊവാനോവിച്ച്, റയാൻ വില്യംസ്,എഡ്ഗാർ മെൻഡസ്,രാഹുൽ ഭെക്കെ തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ.
  • രണ്ട് വർഷം മുമ്പുള്ള ഫൈനൽ തോൽവിക്ക് പകരം വീട്ടാനാണ് ഇക്കുറി ബെംഗളുരു ഇറങ്ങുന്നത്. വെറ്ററൻ ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗ് സന്ധുവാണ് ബെംഗളുരു വലകാക്കുന്നത്.

3.5 കോ‌ടി രൂപയാണ് ഐ.എസ്.എൽ ജേതാക്കൾക്ക് സമ്മാനമായി ലഭിക്കുന്നത്.