ഋതുരാജ് ഗെയ്ക്ക്‌വാദിന് പരിക്ക് : ഇനി ധോണി നയിക്കും
ചെന്നൈ: ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് നായകൻ ഋതുരാജ് ഗെയ്ക്ക്‌വാദിന് ഈ സീസണിൽ ഇനി കളിക്കാൻ കഴിയാത്തതിനാലാണ് നായകനായി ധോണി തിരിച്ചെത്തുന്നത്. ഇന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ നടക്കുന്ന മത്സരത്തിൽ ധോണിയാകും ക്യാപ്ടനെന്ന് ഇന്നലെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിംഗാണ് വ്യക്തമാക്കിയത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ തുഷാർ ദേശ്പാണ്ഡെയുടെ പന്ത് തട്ടിയാണ് ഋതുരാജിന്റെ വലതു കൈത്തണ്ടയ്ക്ക് പരിക്കേറ്റത്.
ഈ സീസണിൽ ഇതുവരെ കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും തോറ്റ് രണ്ട് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സ്. കീപ്പറായി ധോണി മികച്ച പ്രകടനമാണെങ്കിലും ബാറ്റിംഗിൽ ടീമിന് പ്രയോജനകരമായി കളിക്കാൻ കഴിയുന്നില്ലെന്ന് വിമർശനം ഉയരുന്നുണ്ട്.
2008ൽ ചെന്നൈ സൂപ്പർ കിംഗ്സ് രൂപീകരിച്ചതുമുതലുള്ള നായകനാണ് ധോണി.
226 മത്സരങ്ങളിൽ ധോണി ടീമിനെ നയിച്ചു. 133 വിജയങ്ങൾ നൽകി.91 തോൽവികൾ.
2022ൽ ക്യാപ്ടൻസി ജഡേജയ്ക്ക് നൽകിയെങ്കിലും തിരികെ ധോണി വരേണ്ടിവന്നു.
2024ലാണ് ഋതുരാജിന് ധോണി ക്യാപ്‌ൻസി കൈമാറിയത്.