പാപനാശനം മുതൽ കൊല്ലം ബീച്ച് വരെ തീരദേശ ഹൈവേയ്ക്ക് പുതിയ ഡിസൈൻ

Friday 11 April 2025 12:49 AM IST

നാറ്റ്പാക്കിന്റെ നേതൃത്വത്തിലുള്ള സർവ്വേ പൂർത്തിയായി

കൊല്ലം: തീരദേശ ഹൈവേയ്ക്ക് മുണ്ടയ്ക്കൽ പാപനാശനം മുതൽ കൊല്ലം ബീച്ച് വരെ, പൂർണമായും തീരത്ത് കൂടിയുള്ള പുതിയ ഡിസൈൻ തയ്യാറാകുന്നു. നേരത്തെ പാപനാശനത്ത് നിന്നു വളഞ്ഞ് കൊല്ലം തോടിന്റെ കരയിലൂടെ ബീച്ചിലെത്തുന്ന വിധമായിരുന്നു അലൈൻമെന്റ്.

ഭേദഗതി വരുത്തുന്നതിനു മുന്നോടിയായി നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ സ്ഥലത്ത് സർവ്വേ പൂർത്തിയാക്കി. കൊണ്ടയത്ത് ക്ഷേത്രത്തിന്റെ ഭൂമി ഏറ്റെടുക്കൽ ഒഴിവാക്കുന്നതിനൊപ്പം നാല് വളവുകൾ ഇല്ലാതാക്കാൻ കൂടിയാണ് ഈ മാറ്റം. ഇവിടെ കടലാക്രമണം രൂക്ഷമായതിനാൽ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ കടൽഭിത്തി സഹിതമാകും പുതിയ ഡിസൈൻ.

തീരദേശ ഹൈവേയുടെ കാപ്പിൽ മുതൽ തങ്കശ്ശേരി വരെയുള്ള ജില്ലയിലെ ഒന്നാമത്തെ റീച്ചിൽ സാമൂഹ്യാഘാത പഠനം വൈകാതെ ആരംഭിക്കും. എതിർപ്പ് കാരണം കല്ലിടാൻ കഴിയാത്ത സ്ഥലങ്ങളിൽ ജിയോടാംഗിഗ് നടത്തും. ഇതിന് മുന്നോടിയായി നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയിലെയും കിഫ്ബി സ്ഥലമേറ്റെടുക്കൽ വിഭാഗത്തിലെയും ഉദ്യോഗസ്ഥരുടെ സംയുക്തസംഘം സ്ഥല പരിശോധന നടത്തി. ഈ റിപ്പോർട്ട് കൈമാറുന്നതിന് പിന്നാലെ സാമൂഹ്യാഘാത പഠനത്തിന് സർക്കാർ അനുമതി നൽകും. കല്ലിടാത്ത സ്ഥലങ്ങൾ ഒഴിവാക്കി സാമൂഹ്യഘാതപഠനം നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം.

........................................

 ബീച്ചിനരികെ സൺ സെറ്റ് വ്യൂ പോയിന്റ്  പാപനാശനം മുതൽ ബീച്ച് വരെ പുലിമുട്ട്  പുലിമുട്ട് നിർമ്മാണം പ്രത്യേക പദ്ധതിയായി

 ഹൈവേയ്ക്ക് മുൻപേ പുലിമുട്ട് നിർമ്മാണം

............................

ഒന്നാം റീച്ച്

 കാപ്പിൽ മുതൽ തങ്കശേരി വരെ

 ഏറ്റെടുക്കുന്നത് 25 ഹെക്ടർ

 17.8 കിലോമീറ്റർ ദൈർഘ്യം

മുണ്ടയ്ക്കലിൽ തീരത്ത് കൂടി ഹൈവേ നിർമ്മിക്കാനുള്ള സർവ്വേ പൂർത്തിയായി. വൈകാതെ ഡിസൈൻ തയ്യാറാകും

കെ.ആർ.എഫ്.ബി അധികൃതർ