കന്റോൺമെന്റ് മൈതാനത്ത് മുട്ടിലിഴഞ്ഞ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം

Friday 11 April 2025 12:50 AM IST

മാപ്പിൾവുഡ് മെറ്റീരിയൽ കിട്ടാനില്ലാത്തത് പ്രധാന തടസം

കൊല്ലം: കന്റോൺമെന്റ് മൈതാനത്ത് ഒളിമ്പ്യൻ സുരേഷ് ബാബു ഇൻ‌ഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇഴയുന്നു. കഴി​ഞ്ഞ ഡിസംബറോടെ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നതെന്നും ഈ വർഷം പകുതിയാകുന്നതോടെ കായികപ്രേമികൾക്കായി തുറന്ന് നൽകാൻ കഴിയുമെന്നുമാണ് അധി​കൃതർ വി​ശദീകരി​ച്ചി​രുന്നത്. എന്നാൽ ഏപ്രിൽ ആയിട്ടും പണി എങ്ങും എത്തി​യി​ല്ല.

മാപ്പിൾവുഡ് മെറ്റീരിയൽ ആണ് സ്റ്റേഡി​യത്തി​ന്റെ തറ നി​ർമ്മാണത്തി​നു വേണ്ടത്. എന്നാൽ ഇത് ലഭിക്കാത്തതാണ് നിർമ്മാണം അനന്തമായി നീളാൻ കാരണം. നിലവിൽ 70 ശതമാനം പണി മാത്രമാണ് നടന്നി​ട്ടുള്ളത്. 2,500 പേർക്ക് ഇരിക്കാനാകുന്ന തരത്തിലുള്ള ഗാലറിയുടെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. 25 മീറ്റർ വീതിയിലും 12 മീറ്റർ നീളത്തിലുമായി നിർമ്മിച്ച നീന്തൽ കുളത്തിന്റെ നവീകരണവും അവസാന ഘട്ടത്തിലാണ്. ഇതിന് സമീപത്തായി ചെയ്ഞ്ചിംഗ് റൂം സൗകര്യവുമുണ്ട്. വിശ്രമത്തിനായി ഹോസ്റ്റലും അത്യാധുനിക റണ്ണിംഗ് ട്രാക്കുമെല്ലാം തയ്യാറായി ക്കൊണ്ടിരിക്കുകയാണ്. ബാഡ്മിന്റൺ, വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, ടേബിൾ ടെന്നീസ് തുടങ്ങി 23 ഇനം മത്സരങ്ങളാകും ഇവിടെ നടക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.

നാല് വശവും ടിക്കറ്റ് കൗണ്ടറുകളുണ്ട്. 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമാണ് കോർട്ടിനുള്ളത്. കാണികൾക്കായി മുകളിലത്തെ നിലയിലും താഴത്തെ നിലയിലുമായി 12 ടോയ്ലറ്റുകളുണ്ടാവും. കൂടാതെ കളിക്കാർക്കായി രണ്ട് ബാത്ത് റൂം ഉൾപ്പടെയുള്ള വലിയ റൂമുകളും ഉണ്ട്. ചെയ്ഞ്ചിംഗ് റൂം, ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയത്തിലെ നീന്തൽ കുളം ഉൾപ്പെടെ 39 കോടി രൂപയാണ് ആകെ ചിലവ്. കിഫ്ബി ഫണ്ടുപയോഗിച്ച് കിറ്റ്കോ ആണ് നിർമ്മാണം നടത്തുന്നത്. 33.90 കോടിയാണ് സ്റ്റേഡിയത്തിന് മാത്രമായി ചെലവ് വരുന്നത്.

ആകെ ചെലവ് 33.90 കോടി

 60 മീറ്റർ നീളവും 40 മീറ്റർ വീതിയും

 23 കായിക ഇനങ്ങൾ

 ഓരോ ഇനത്തിനും ഒന്നിലധികം കോർട്ടുകൾ  വി.ഐ.പി റൂമുകൾ

 മെഡിക്കൽ, മീഡിയ റൂമകൾ

 കളിക്കാർക്കാർക്കും കാണികൾക്കുമായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം

നിർമ്മാണം ഏകദേശം പൂർത്തിയാകാറായി. മാപ്പിൾവുഡ് മെറ്റീരിയലിനു വേണ്ടിയുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നതേയുള്ളൂ. സെപ്തംബറോടെ നിർമ്മാണം പൂർത്തിയാകും എന്നാണ് കരുതുന്നത്

കിറ്റ്കോ അധികൃതർ