കളക്ടറേറ്റ്, കർബല റെയി​ൽവേ സ്റ്റേഷൻ... റോഡി​ലെ ഉയര വ്യത്യാസം അപകടക്കെണി​

Friday 11 April 2025 12:56 AM IST

കൊല്ലം: ടാറിംഗിലെ അപാകം മൂലമുണ്ടായ ഉയര വ്യത്യാസം കളക്ടറേറ്റ് ഭാഗത്തെ റോഡി​ലും കർബല റെയി​ൽവേ സ്റ്റേഷൻ റോഡി​ലും അപകട സാദ്ധ്യത വർദ്ധി​പ്പി​ക്കുന്നു.

ഒരു വശത്ത് മാത്രം റീ ടാർ ചെയ്തതി​നാൽ ഉയർന്നും താഴ്ന്നുമാണ് റോഡി​ന്റെ അവസ്ഥ. നാളുകൾ ഏറെ കഴിഞ്ഞിട്ടും മറു ഭാഗം ടാറിട്ട് ഉയർത്താൻ അധികൃതർ തയ്യാറാകുന്നില്ല. വീതി കുറഞ്ഞ ചക്രങ്ങളുള്ള ഇരുചക്രവാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കളക്ടറേറ്റി​നു മുന്നിലൂടെ പോകുന്ന റോഡിൽ വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ വളവിലാണ് ഒരു വശം മാത്രം ഉയർന്ന് നിൽക്കുന്ന തരത്തിൽ ടാർ ചെയ്തിരിക്കുന്നത്. വളവ് തിരിയുന്ന സമയം നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയാണ് ഈ ഭാഗത്തുള്ളത്. കർബല- റെയിൽവേ സ്റ്റേഷൻ റോഡിലും സമാനമായ അവസ്ഥയാണുള്ളത്.

മഴയത്ത് ഇരട്ടി ദുരിതം

മഴ സമയത്ത് ദുരി​തം ഇരട്ടി​ക്കും. പെട്ടെന്ന് ബ്രേക്കിടുയോ വാഹനത്തെ മറിക്കാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യുമ്പോൾ ഉയര വ്യത്യാസമുള്ള ഭാഗങ്ങളിൽ ഇരുചക്രവാഹന യാത്രക്കാർ വീഴുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കാൽനടയാത്രക്കാർക്ക് റോഡിന്റെ ഈ അവസ്ഥ അപകടക്കെണിയാവുന്നുണ്ട്. റോഡ് മുറിച്ച് കടക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉയരം കൂടിയ ഭാഗത്ത് വീണ് പരിക്കേൽക്കും. എത്രയും വേഗം റോഡ് ഒരേ നിരപ്പാക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാടി​ന്റെ ആവശ്യം.

വളരെ സൂക്ഷിച്ചാണ് ബൈക്ക് ഓടിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ബൈക്ക് തെന്നി അപകടം ഉണ്ടാകുമെന്ന് ഉറപ്പാണ്

അമൽ, ഇരുചക്രവാഹന യാത്രക്കാരൻ