ആശാൻ പുരസ്കാരം എൻ.എസ്.സുമേഷ് കൃഷ്ണന്

Friday 11 April 2025 1:41 AM IST

കരുനാഗപ്പള്ളി : മഹാകവി കുമാരനാശാന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തുറയിൽകുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ ആശാൻ പുരസ്‌കാരത്തിന് എൻ.എസ്.സുമേഷ് കുമാർ അർഹനായി. സുമേഷ് കുമാറിന്റെ എന്റെയും നിങ്ങളുടെയും മഴകൾ എന്ന കവിത സമാഹാരത്തിനാണ് അവാർഡ്. 10001 രൂപയും ശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം നാളെ വൈകിട്ട് 4 ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാലാ ഹാളിൽ കൂടുന്ന സമ്മേളനത്തിൽ വെച്ച് ഡോ.സജിത് വിജയൻപിള്ള എം. എൽ. എ നൽകും. ഗ്രന്ഥശാലാ പ്രസിഡന്റ് ഡോ. ജാസ്‌മിൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് മുഖ്യാതിഥിയാവും. തുടർന്ന് ബാലവേദി കുട്ടികളുടെ കവിയരങ്ങും നടക്കും. കവി ചവറ കെ.എസ് പിള്ള ചെയർമാനായിട്ടുള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. വാർത്താ സമ്മേളനത്തിൽ ഗ്രന്ഥശാലാ സെക്രട്ടറി ടി.എം.ആൾഡ്രിൻ, വൈസ് പ്രസിഡന്റ് എ.ബിജു, എസ്. ഇന്ദുലേഖ,കെ.പുഷ്‌പാംഗദൻ, ബി.സുനിൽ എന്നിവർ പങ്കെടുത്തു.