ജില്ലാ പഞ്ചായത്തിന് ചരിത്രനേട്ടം, പദ്ധതി ചെലവ് 99.26 % പദ്ധതി നിർവഹണത്തിൽ മലപ്പുറം  ജില്ലാ പഞ്ചായത്തിനും ജില്ലയ്ക്കും സംസ്ഥാനത്ത് ഒന്നാം സ്ഥാനം 

Friday 11 April 2025 3:00 AM IST

മലപ്പുറം: 2024-25 വാർഷിക പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി തുക ചെലവഴിച്ചതിന്റെ ചാരിതാർഥ്യത്തിൽ മലപ്പുറം ജില്ലയും ജില്ലാ പഞ്ചായത്തും. ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ മൊത്തത്തിൽ 94.72 ശതമാനം തുക ചെലവഴിച്ച് മലപ്പുറം ജില്ലയും 99.26 ശതമാനം തുക ചെലവഴിച്ച് ജില്ലാ പഞ്ചായത്തും സംസ്ഥാനത്ത് ഒന്നാമതെത്തി. 1996-97 സാമ്പത്തിക വർഷത്തിന് ശേഷം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ചെലവ് കൈവരിച്ചാണ് ഈ വർഷം ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. വികസന ഫണ്ടും പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം ഫണ്ടും 14-ാം ധനകാര്യ കമ്മിഷൻ അവാർഡ് തുകയും എല്ലാം കാര്യക്ഷമമായി വിനിയോഗിച്ചു. റോഡിനത്തിലും റോഡിതര വിഭാഗത്തിലുമുള്ള മെയിന്റനൻസ് ഗ്രാന്റ് പൂർണ്ണമായും ചെലവഴിച്ചു. ജില്ലാ പഞ്ചായത്തുകളിൽ പൊതുവിഭാഗം സാധാരണ വിഹിതത്തിൽ 96.48 ശതമാനമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. പൊതു വിഭാഗം ഫണ്ടിൽ ആകെ ലഭിച്ച 54.91 കോടി രൂപയിൽ 52.98 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിനിയോഗിച്ചു. എസ്.സി.പി വിഭാഗത്തിൽ ആകെ ലഭിച്ച 23.26 കോടി രൂപയിൽ 21.91 കോടി, ടി.എസ്.പി വിഭാഗത്തിൽ ആകെയുള്ള 18 കോടിയിൽ 18.55 കോടി, ധനകാര്യ കമ്മിഷൻ ടൈഡ് ഗ്രാന്റിൽ ആകെയുള്ള 13.90 കോടി, സ്പിൽ ഓവർ ഉൾപ്പെടെ 16.11 കോടി, ബേസിക് ഗ്രാന്റിൽ ലഭിച്ച 9.26 കോടി രൂപയിൽ സ്പിൽ ഓവർ അടക്കം 9.58 കോടി, മെയിന്റനൻസ് ഗ്രാന്റ് റോഡ് 9.22 കോടി, നോൺ റോഡ് 36.85 കോടി എന്നിങ്ങനെ ആകെ 99.262 ശതമാനം ചെലവഴിച്ചാണ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ചെലവ് എന്ന നേട്ടം കൈ വരിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ ആകെ ലഭിച്ച 103.20 കോടി രൂപയിൽ 102.44 കോടി രൂപയുടെ വിനിയോഗമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് പൂർത്തീകരിച്ചത്.

ഇവരാണ് ടോപ്പേഴ്സ്

ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ 110.88 ശതമാനം തുക ചെലവഴിച്ച താനൂർ മുനിസിപ്പാലിറ്റിയാണ് ഒന്നാമത്. 110.14 ശതമാനം ചെലവഴിച്ച മഞ്ചേരി മുനിസിപ്പാലിറ്റിക്കാണ് രണ്ടാം സ്ഥാനം. സംസ്ഥാന തലത്തിൽ ഇവർക്ക് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 103.90 ശതമാനം ചെലവഴിച്ച വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിനാണ് ജില്ലയിൽ ഒന്നാം സ്ഥാനം. 103.32 ശതമാനവുമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും 101.97 ശതമാനവുമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഗ്രാമ പഞ്ചായത്തുകളിൽ 110.24 ശതമാനം പദ്ധതി ചെലവുമായി മംഗലം ഗ്രാമ പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി