വിഷുകണിക്ക് ഇക്കുറി തൃക്കളത്തൂർ വെള്ളരി

Friday 11 April 2025 3:42 PM IST

മൂവാറ്റുപുഴ: മേടമാസ പുലരിയിൽ കണിയൊരുക്കി വിഷുവിനെ വരവേൽക്കാൻ തൃക്കളത്തൂരിൽ നിന്ന് കണിവെള്ളരി വിപണിയിലേയ്ക്ക്. പായിപ്ര ഗ്രാമ പഞ്ചായത്തിലെ തൃക്കളത്തൂർ പാടശേഖരങ്ങളിലാണ് സ്വർണ വർണത്തിൽ വിളഞ്ഞ് നിൽക്കുന്ന ആയിരകണക്കിന് കണിവെള്ളരികൾ കണ്ണിനും മനസിനും കുളിർമയേകുന്നത്.

തൃക്കളത്തൂർ തിരു നിലം പാടശേഖരത്തിൽ കണ്ണോത്ത് അനിലും ഉണ്ണിയും ചേർന്ന് കൃഷി ചെയ്തെടുത്ത കണിവെള്ളരിയാണ് ഇക്കുറി വിഷുകണിക്ക് താരമാകുവാൻ പോകുന്നത്. നല്ല ആകൃതിയും വലിപ്പവുമുള്ള വെള്ളരിക്ക് മാർക്കറ്റുകളിൽ നല്ല ഡിമാന്റാണ്. കണി വെള്ളരിക്ക് മികച്ച വിലയാണ് ലഭിക്കുന്നത്.

 25-30 വരെ വില

വിളവെടുത്ത കണിവെള്ളരി കിലോ ഗ്രാമിന് 25 -30 രൂപയ്ക്കാണ് മൊത്തവ്യാപാരികൾ വാങ്ങുന്നത്. കിഴക്കൻ മേഖലയിലെ പച്ചക്കറി കടകളിൽ അടക്കം ഇക്കുറി തൃക്കളത്തൂരിലെ കണിവെളളരി സ്ഥാനം പിടിച്ച് കഴിഞ്ഞു. അതേസമയം അടുത്ത ദിവസങ്ങളിൽ മൈസൂരു, മഞ്ചേരി എന്നിവിടങ്ങളിൽനിന്നു കൂടുതൽ കണിവെള്ളരി എത്തിയാൽ വില ഇടിയാൻ സാദ്ധ്യതയുണ്ടെന്നും കർഷകർ പറയുന്നു. കണിവെള്ളരി ഇല്ലാതെ കണിയൊരുക്കാൻ മലയാളിക്ക് ആകില്ല. അതുകൊണ്ടുതന്നെ വിഷുകാലത്ത് കണിവെള്ളരിക്ക് ആവശ്യക്കാരേറെയാണ്.

 സ്വർണ ശോഭയിൽ

60 ദിവസം പൂർത്തിയാകുമ്പോൾ കണി വെള്ളരി പൂർണമായും സ്വർണണവർണമണിയും. വിഷുക്കാലത്ത് മലയാളികളുടെ മനസിലും കൃഷിയിടങ്ങളിലും കണിവെള്ളരിയുടെ സുവർണശോഭ നിറയും.

കണിക്കൊന്ന പോലെ നന്മയുടെയും സമൃദ്ധിയുടെയും പ്രതീകം കൂടിയാണ് മലയാളിക്ക് കണിവെള്ളരിയും. വിഷു ആഘോഷം ഗംഭീരമാക്കുവാൻ കിഴക്കൻ മേഖല ഉണർന്നു കഴിഞ്ഞും

കൃഷ്ണ സ്വാമി

വെള്ളൂർകുന്നത്ത്