കൈ പൊള്ളാതെ  വിഷുസദ്യ ഒരുക്കാം  ബീൻസിന് മാത്രം വിലക്കയറ്റം

Friday 11 April 2025 5:45 PM IST

പച്ചക്കറി വിപണി ഒരുങ്ങി

കൊച്ചി: വിലക്കുറവിൽ ഇത്തവണ വിഷുസദ്യ കെങ്കേമമാക്കാം. വിപണിയിൽ പച്ചക്കറി വിലയിൽ താരതമ്യേന കുറവാണെന്നതാണ് ആശ്വാസം. ഉത്പാദനം കൂടിയതിനാൽ പച്ചക്കറി കൂടുതലായി എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വില കൂടിയത് ബീൻസിനാണ്. സീസൺ അല്ലാത്തതിനാൽ 20 രൂപ വരെ മൊത്തവിലയിൽ മാറ്റം വന്നിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് 60 രൂപയായിരുന്നത് ഇപ്പോൾ 80 ആയി. ചില്ലറ വില്പനക്കാർ പച്ചക്കറികൾ എടുത്തു തുടങ്ങി.

പതിവുപോലെ നാടൻ കണിവെള്ളരിക്കാണ് പ്രിയം കൂടുതൽ. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ വെള്ളരി കൃഷി വ്യാപകമായി നടത്തിയിരുന്നു. വിളവെടുപ്പും ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്, മൈസൂരു വെള്ളരികൾക്ക് പച്ച നിറമുള്ളതിനാൽ കണിവയ്ക്കാൻ ഡിമാൻഡ് ഇല്ല. വിഷുവിന് തലേദിവസം മുതൽ അവിയൽ, സാമ്പാർ കിറ്റുകളുമായി വഴിയോരക്കച്ചവടക്കാരും എത്തും. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്നത്.

വിലവിവരം

(ഇനം, മൊത്തവില, ചില്ലറവില)

പയർ- 40, 50

വെണ്ടയ്ക്ക- 50, 60

കണിവെള്ളരി- 30, 40

കാരറ്റ്- 40, 50

ബീറ്റ്‌റൂട്ട്- 45, 50

കിഴങ്ങ്- 35, 45

തക്കാളി- 25, 30

മത്തൻ- 20, 25-30

പാവയ്ക്ക- 55, 60

പടവലം- 45, 50

മുരങ്ങയ്ക്ക- 30, 40

സവാള- 25,30

ഉള്ളി- 45, 50

പച്ചമാങ്ങ- 45, 50

മാമ്പഴം- 120, 140

കൈതച്ചക്ക- 60, 65

കറിനാരങ്ങ- 60, 70

സാധനങ്ങൾക്ക് ക്ഷാമമുണ്ടാവില്ല. വില കൂടാത്തതിനാൽ എല്ലാവരും ആവശ്യത്തിന് സാധനങ്ങൾ വാങ്ങും. വ്യാപാരികൾക്ക് ആവശ്യത്തിനുള്ള സ്റ്റോക്ക് എത്തുന്നുണ്ട്. ചില്ലറക്കച്ചവടക്കാർ വിഷുവിന് രണ്ട് ദിവസം മുമ്പ് സ്റ്റോക്ക് എടുത്ത് തുടങ്ങും.

കെ.കെ. അഷറഫ്

പച്ചക്കറി വ്യാപാരി

എറണാകുളം മാർക്കറ്റ്

 വിഷു-ഈസ്റ്റർ വിപണി

കൺസ്യൂമർ ഫെഡ് വിഷു-ഈസ്റ്റർ വിപണിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഗാന്ധിനഗർ ഹെഡ് ഓഫീസിൽ മേയർ എം. അനിൽകുമാർ നിർവഹിക്കും. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. സലിം, ജോസ് സാൽ ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും. ജില്ലാതല ഫെയറും വിവിധ മറ്റ് വിപണികുളും ഉൾപ്പെടെ 15 ചന്തകളാണ് നടക്കുക.