തല മാറിയിട്ടും തലവരമാറിയില്ല; കൊല്‍ക്കത്തയ്ക്ക് മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നാണംകെട്ട തോല്‍വി

Friday 11 April 2025 10:32 PM IST

ചെന്നൈ: 20 ഓവര്‍ ബാറ്റ് ചെയ്ത് ചെന്നൈ കഷ്ടപ്പെട്ട് സ്‌കോര്‍ ചെയ്ത 103 റണ്‍സ് അനായാസം മറികടന്ന് കൊല്‍ക്കത്ത. 104 റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കാന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി വന്നതാകട്ടെ വെറും 61 പന്തുകളും രണ്ട് വിക്കറ്റുകളും മാത്രം. ക്യാപ്റ്റന്‍ സ്ഥാനത്ത് സാക്ഷാല്‍ തല എംഎസ് ധോണി എത്തിയിട്ടും അതിന്റെ യാതൊരു മാറ്റവും കളത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് ഉണ്ടായില്ല. ബാറ്റിംഗിലും ബൗളിംഗിലും ടീം ഒരുപോലെ പരാജയപ്പെട്ടപ്പോള്‍ സീസണിലെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയെന്ന നാണക്കേടുമായി തിരിച്ചുകയറാനായിരുന്നു വിധി.

സ്‌കോര്‍: ചെന്നൈ 103-9 (20) | കൊല്‍ക്കത്ത 107-2 (10.1)

ഓപ്പണര്‍മാരായ സുനില്‍ നരെയ്ന്‍ 44(18), ക്വന്റണ്‍ ഡി കോക്ക് 23(16) എന്നിവര്‍ അതിവേഗ തുടക്കമാണ് കെകെആറിന് നല്‍കിയത്. എട്ട് സിക്‌സറുകളാണ് ചെന്നൈയിലെ ഗ്യാലറിയിലേക്ക് ഓപ്പണര്‍മാര്‍ പായിച്ചത്. ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 20*(17) റിങ്കു സിംഗ് 15*(12)എന്നിവര്‍ പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി അന്‍ഷുല്‍ കാമ്പോജ്, നൂര്‍ അഹമ്മദ് എന്നീ ബൗളര്‍മാര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അവസാന വിക്കറ്റില്‍ ശിവം ദൂബെ - അന്‍ഷുല്‍ കാമ്പോജ് സഖ്യം നേടിയ 24* റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് മൂന്നക്കം കണ്ടത്. 31 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ദൂബെയാണ് ടോപ് സ്‌കോറര്‍. വിജയ് ശങ്കര്‍ 29(21) റണ്‍സ് നേടിയപ്പോള്‍ മറ്റ് ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി.

ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്ര 4(9), ഡിവോണ്‍ കോണ്‍വേ 12(11) എന്നിവര്‍ പെട്ടെന്ന് മടങ്ങി. മൂന്നാമനായി എത്തിയ രാഹുല്‍ തൃപാതി 16 റണ്‍സെടുക്കാന്‍ നേരിട്ടത് 22 പന്തുകളാണ്. വെറും ഒരു ബൗണ്ടറി മാത്രമാണ് വെടിക്കെട്ട് ബാറ്റിംഗിന് പേര്കേട്ട താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. രവിചന്ദ്രന്‍ അശ്വന്‍ 1(7) റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഇംപാക്ട് സബ് ആയി ദീപക് ഹൂഡയെ ചെന്നൈ കളത്തിലിറക്കി. എന്നാല്‍ നാല് പന്തുകള്‍ നേരിട്ട ശേഷം റണ്ണൊന്നും നേടാതെ താരം മടങ്ങി. രവീന്ദ്ര ജഡേജയും പൂജ്യത്തിന് പുറത്തായി.

ഒമ്പതാമനായി ക്രീസിലെത്തിയ എംഎസ് ധോണിക്ക് 1(4) കാര്യമായി ഒന്നും ചെയ്യാനായില്ല. നൂര്‍ അഹമ്മദ് 1(8), അന്‍ഷുല്‍ കാമ്പോജ് 3*(3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. 79ന് ഒമ്പത് എന്ന നിലയില്‍ നിന്ന് അവസാന ബാറ്ററെ കൂട്ടുപിടിച്ച് ദൂബെ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സിഎസ്‌കെ സ്‌കോര്‍ നൂറ് കടത്തിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്കും ഹര്‍ഷിത് റാണയ്ക്കും രണ്ട് വിക്കറ്റുകള്‍ വീതവും മൊയീന്‍ അലിക്കും വൈഭവ് അരോറയ്ക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.