യോഗം തിരഞ്ഞെടുപ്പ് മേയ് 20വരെ തടഞ്ഞു
കൊച്ചി: എസ്.എൻ.ഡി.പി. യോഗം ഭരണസമിതി തിരഞ്ഞെടുപ്പ് നടപടികൾ ഹൈക്കോടതി മേയ് 20വരെ തടഞ്ഞു. ബന്ധപ്പെട്ട എല്ലാ അപ്പീലുകളിലും ഒരുമിച്ചു വാദം കേൾക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എസ്.എൻ.ഡി.പി. യോഗം സമർപ്പിച്ച അപ്പീൽ ഉൾപ്പെടെയാണ് ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്. യോഗം ബൈലായിൽ പ്രാതിനിധ്യ വോട്ടവകാശം വ്യവസ്ഥ ചെയ്യുന്ന 44-ാം വ്യവസ്ഥ നേരത്തേ സിംഗിൾബെഞ്ച് റദ്ദാക്കിയിരുന്നു. എല്ലാ അംഗങ്ങൾക്കും വോട്ടവകാശമുണ്ടെന്നും വിധിച്ചു. ഇതുമായി ബന്ധപ്പെട്ട് മുംബയ് യൂണിയൻ ഫയൽ ചെയ്ത റിവ്യൂ ഹർജിയും നിരാകരിച്ചിരുന്നു. തുടർന്നാണ് യോഗം അപ്പിൽ സമർപ്പിച്ചത്. അപ്പീലിൽ കാലതാമസം വന്നതിന് ഒന്നാം എതിർകക്ഷിക്ക് ഓരോ കേസിനും 20,000 രൂപ വീതം നൽകാനും കോടതി നിർദ്ദേശിച്ചു.