ഹരികുമാറിന്റെ കരവിരുത്, പ്രിയതാരങ്ങൾക്ക് മെഴുക് അഴക്

Saturday 12 April 2025 4:06 AM IST

പത്തനംതിട്ട : ജീവൻതുടിക്കുന്ന മെഴുക് പ്രതിമകളായി സൂപ്പർ സ്റ്റാർ രജനീകാന്ത് മുതൽ ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റഷീദ് അൽ മഖ്തൂം വരെ. പത്തനംതിട്ട കുമ്പനാട് ഹരികുമാറിന് (41) ഇതൊരു ഹരമാണ്.

ലണ്ടനിലെ മെഴുകു പ്രതിമ മ്യൂസിയത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കണ്ടതാണ് വഴിത്തിരിവായത്. നിർമ്മാണരീതികൾ പഠിച്ചതും ഓൺലൈനിൽ വീഡിയോകൾ കണ്ടാണ്.

2015ൽ ആദ്യം കൈവച്ചത് ഷാരൂഖ്ഖാനിൽ. അത് വിജയമായതോടെ മറ്റുള്ളവരിലേക്ക് കടന്നു. മമ്മൂട്ടി, മോഹൻലാൽ, വിജയ്,കലാഭവൻ മണി,​ യേശുദാസ്,​ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം തുടങ്ങിയവരുടേത് ഉൾപ്പെടെ ഇരുപത്തിയഞ്ചിൽപ്പരം ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പ്രതിമകണ്ട് ഷാരൂഖ്ഖാനും വിജയ് യും ഫോണിൽ അഭിനന്ദിച്ചിരുന്നു. ലോക സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയുടെ ശില്പം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

കേരളത്തിനു പുറമേ, മുംബയ്,​ ചെന്നൈ,​ ബംഗളുരു എന്നിവിടങ്ങളിലും എക്സിബിഷൻ നടത്തിയിട്ടുണ്ട്.

പരേതനായ വലിയപറമ്പിൽ സുകുമാരന്റെയും രാധയുടെയും മകനാണ്. ഭാര്യ : ഗീതു ഹരികുമാർ. മക്കൾ : ഗായത്രി, ഹർഷിത്.

പ്രതിമ നിർമ്മിക്കാൻ

രണ്ടു ലക്ഷം വേണം

# ഒരു പ്രതിമയ്ക്ക് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ ചെലവ് വരും. വില്പന നടത്താറില്ല. എക്സിബിഷൻ വരുമാനംകൊണ്ടാണ് മെഴുക് വാങ്ങുന്നത്.സുഹൃത്തുക്കളുടെ സഹായത്തോടെ വിദേശത്ത് നിന്നാണ് മെഴുക് എത്തിക്കുന്നത്.

കുമ്പനാട്ട് സ്ഥാപിച്ച മ്യൂസിയം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പൂട്ടി. പ്രത്യേക ബോക്സുകളിലേക്ക് മാറ്റേണ്ടി വന്നു. അധികം ചൂട് തട്ടുന്നതോ ഈർപ്പമുള്ളതോ ആയ സ്ഥലത്ത് സൂക്ഷിക്കാനാവില്ല. പുതിയ മ്യൂസിയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് .

`മെഴുക് പ്രതിമ നിർമ്മാണം മാത്രമാണ് ഏക വരുമാന മാർഗം. കേരളത്തേക്കാൾ പിന്തുണ മറ്റ് സ്ഥലങ്ങളിൽ നിന്നാണ് ലഭിച്ചത്. ഒരു പ്രതിമ നിർമ്മിക്കാൻ രണ്ട് മുതൽ മൂന്ന് മാസം വരെ വേണ്ടിവരും.'

-ഹരികുമാർ കുമ്പനാട്