ചായ വേണം, ആദ്യം വാശി, വഴങ്ങാത്ത അച്ഛന് കൊടുത്തു ഒരടി, പിന്നെ...വൈറൽ വീഡിയോയും കുറുമ്പിയേയും ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കുട്ടികളുടെ കുസൃതികൾ കാണാൻ ഏറെ ഇഷ്ടമുള്ളവരാണ് നമ്മളോരോരുത്തരും. അതിനാൽത്തന്നെ കുട്ടികൾ കളിക്കുന്നതിന്റെയും പാട്ടുപാടുന്നതിന്റെയുമൊക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു കുറുമ്പിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്.
ചായ കുടിച്ചുകൊണ്ടിരിക്കുന്ന അച്ഛനരികിലേക്ക് ഒരു ഗ്ലാസുമായെത്തുകയാണ് കൊച്ചുമിടുക്കി. കപ്പ് അച്ഛന് നേരെ നീട്ടി പപ്പാ ചായ വേണമെന്ന് കെഞ്ചിപ്പറയുന്നു. ഇതെന്റെ ചായയാണ് തരില്ലെന്ന് അച്ഛൻ പറയുമ്പോൾ കുറുമ്പി ആദ്യം കുറച്ച് വാശി പിടിച്ചു. എന്നിട്ടും വഴങ്ങാത്ത പപ്പയ്ക്ക് ഒരടിയും കൊടുത്തു. തൊട്ടുപിന്നാലെ തുടുതുടെ മുത്തം കൊടുക്കുകയും ചെയ്യുന്നു. ശേഷം കുട്ടിയുടെ ഗ്ലാസിലേക്ക് ചായ ഒഴിച്ച് കൊടുത്തുകൊണ്ട് ജ്യൂസ് കുടിക്കും പോലെയല്ല ചായ കുടിക്കേണ്ടതെന്ന ഉപദേശവും അദ്ദേഹം മകൾക്ക് നൽകുന്നുണ്ട്.
കഥ, തിരക്കഥ, സംഭാഷണം, സംഘട്ടനം, ക്യാമറ എല്ലാം വളരെ പെട്ടെന്നായിരുന്നു, തീർത്തും യാദൃശ്ചികമായിരുന്നു എന്ന അടിക്കുറിപ്പോടെ മുഹമ്മദ് ഹനീഫ് തൈക്കുളം എന്ന വ്യക്തിയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. വളരെപ്പെട്ടെന്ന് തന്നെ വീഡിയോ വൈറലായി.