ആംബുലൻസിലെ പീഡനം: അർഹിക്കുന്ന നീതി ലഭിച്ചെന്ന് പ്രോസിക്യൂഷൻ
പത്തനംതിട്ട : ആറൻമുളയിലെ ആംബുലൻസ് പീഡനക്കേസിൽ അതിജീവിതയ്ക്ക് അർഹിക്കുന്ന നീതി ലഭിച്ചെന്ന് ഇരയ്ക്ക് വേണ്ടി ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടർ ടി.ഹരികൃഷ്ണൻ പറഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി പൂർണമായും വിശ്വാസത്തിലെടുത്തു. പ്രതിക്ക് അനുവദനീയമായ ശിക്ഷ നൽകിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നതിനുള്ള പരമാവധി ശിക്ഷതന്നെ വിധിച്ചു. 19 വയസുള്ള അതിജീവിത എടുത്ത നിലപാട് അഭിനന്ദനാർഹമാണ്. കൊവിഡ് രോഗിയായിരിക്കെ ആശുപത്രിയിലേക്കുള്ള ആംബുലൻസ് യാത്രയിലാണ് പെൺകുട്ടി ശാരീരിക പീഡനം നേരിടുന്നത്. മാനസികമായി വളരെയധികം തകർന്ന പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്ന സാഹചര്യം വരെയുണ്ടായി.
കേസിൽ 55 സാക്ഷികൾ. 83 രേഖകൾ കോടതിയിൽ ഹാജരാക്കി. ആംബുലൻസിൽ ഘടിപ്പിച്ച ജി.പി.എസ് മുഖേന ലഭിച്ച തെളിവ്, റൂട്ട് മാപ്പ്, ഡി.എൻ.എ തുടങ്ങിയ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
തെറ്റുപറ്റിയെന്ന് പ്രതി നൗഫൽ
പത്തനംതിട്ട : ആറൻമുള പീഡനക്കേസിന്റെ വിധികേട്ട ശേഷം
ഇളവ് വേണമെന്ന് പ്രതി നൗഫൽ ജഡ്ജിയോട് കോടതിമുറിയിൽ വച്ച് ആവശ്യപ്പെട്ടു. അഞ്ച് വയസുള്ള പെൺകുട്ടിയും ഭാര്യയുമുണ്ടെന്നും പ്രായമായ അച്ഛനും അമ്മയുമാണെന്നും പ്രതി പറഞ്ഞു. കുടുംബത്തെ കണ്ടിട്ട് നാളുകളായെന്നും അവർക്ക് വേറെ ആശ്രയമില്ലെന്നും തെറ്റുപറ്റിപ്പോയതാണെന്നും പ്രതി കോടതിയിൽ ഏറ്റുപറഞ്ഞു. 29 വയസ് ഉള്ളപ്പോൾ ആണ് പ്രതി കുറ്റകൃത്യം ചെയ്യുന്നത്. അടൂർ ജനറൽ ആശുപത്രിയിലെ 108 ആംബുലൻസിന്റെ ഡ്രൈവർ ആയിരുന്നു നൗഫൽ. പെൺകുട്ടിയുടെ അമ്മ കൊവിഡ് പോസിറ്റീവായപ്പോൾ ആശുപത്രിയിൽ എത്തിച്ചതും നൗഫലാണ്. ഈ പരിചയം മുതലെടുത്ത് ആറൻമുളയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ആംബുലൻസ് എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയത്. വിധി കേൾക്കാൻ പത്തനംതിട്ട കോടതിയിൽ പ്രതിയുടെ മാതാപിതാക്കളും ബന്ധുക്കളും എത്തിയിരുന്നു.
ഹൈക്കോടതിയെ സമീപിക്കും
പത്തനംതിട്ട : ആംബുലൻസ് പീഡനകേസിൽ വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അനുരൂപ് പറഞ്ഞു. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ അപ്പീൽ പോകാനാണ് തീരുമാനം. പ്രായമായ രക്ഷിതാക്കളെ സംരക്ഷിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.