വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നതിന് വിലക്ക്
കൊച്ചി: മുനമ്പം ഭൂമിക്കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നത് ഹൈക്കോടതി താത്കാലികമായി വിലക്കി. എന്നാൽ ട്രൈബ്യൂണലിൽ വാദം തുടരുന്നതിന് തടസമില്ല. വഖഫ് ബോർഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ച വഖഫ് ബോർഡ് ഉത്തരവിനെതിരെയുള്ള കേസാണ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ളത്. ഹർജിയിൽ ഫറൂഖ് കോളേജ് മാനേജ്മെന്റിനടക്കം നോട്ടീസിന് കോടതി നിർദ്ദേശിച്ചു. ഹർജി മേയ് 26 ന് വീണ്ടും പരിഗണിക്കും. പറവൂർ സബ് കോടതി നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് വിളിച്ചുവരുത്തണമെന്ന ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചതിനെതിരെയാണ് വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്.
മുനമ്പത്ത് സർവേ നടത്താൻ വഖഫ് ട്രൈബ്യൂണലിൽ ഹർജി
മുനമ്പം വഖഫ് കേസുമായി ബന്ധപ്പെട്ട ഭൂമി സർവേ ചെയ്ത് തിട്ടപ്പെടുത്താൻ അടിയന്തരമായി അഭിഭാഷക കമ്മിഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് വഖഫ് ട്രൈബ്യൂണൽ മുമ്പാകെ ഹർജി. ഫാറൂഖ് കോളജിന് സ്ഥലം നൽകിയ സിദ്ദീഖ് സേട്ടിന്റെ ബന്ധുവായ എൻ എം ഇർഷാദ് സേട്ടാണ് വഖഫ് ജഡ്ജ് രാജൻ തട്ടിൽ ഉൾപ്പെട്ട മൂന്നംഗ വഖഫ് ട്രൈബ്യൂണലിന് മുമ്പാകെ ഹർജി നൽകിയത്. കേസ് വീണ്ടും പരിഗണിക്കുന്ന 21ന് ഹർജി പരിഗണിക്കും. വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019 ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാണ് ഫാറൂഖ് കോളേജ് മാനേജ്മെന്റ് നൽകിയ ഹർജി.ഇതുമായി ബന്ധപ്പെട്ട വാദം കേൾക്കവേയാണ് എതിർ കക്ഷികളിലൊരാളായ കൊച്ചി ചുള്ളിക്കൽ നൂർമുഹമ്മദ് സേട്ടിന്റെ മകൻ എൻ.എം. ഇർഷാദ് സേട്ട് അഡ്വ.വി.അനസ് മുഖേന ഹർജി നൽകിയത്. എത്ര സ്വത്ത് നിലനിൽക്കുന്നു, എത്ര കടലെടുത്തു, എത്രസ്ഥലം ഫാറൂഖ് കോളേജിന്റെ കൈവശമുണ്ട് തുടങ്ങിയവ പരിശോധിക്കണമെന്നാണ് ആവശ്യം. ഭൂമിയിൽ താമസിക്കുന്നവർ കുടികിടപ്പുകാരാണോ, അനധികൃത താമസക്കാരാണോ എന്ന് കണ്ടെത്തണമെന്നും ഹർജിയിൽ പറയുന്നു. മുനമ്പം 1950 ലെ വഖഫായതിനാൽ അതിന് മുമ്പുള്ള മുഹമ്മദൻ ലോ പ്രകാരമുള്ള എന്തെല്ലാം വിഷയങ്ങൾ കേസിനെ ബാധിക്കുമെന്ന കാര്യത്തിലാണ് ഇന്നലെ വാദം നടന്നത്. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട ആധാരത്തിൽ ഏത് നിയമമാണ് ബാധകമാവുകയെന്നതിലും വാദം കേട്ടു. വഖഫ് എന്ന നിലയിൽ മുതവല്ലിയായ ഫാറൂഖ് കോളേജ് ബോർഡിൽ രജിസ്റ്റർ ചെയ്യാത്തതിനാലാണ് വഖഫ് ബോർഡ് സ്വമേധയാ മുനമ്പം ഭൂമി വഖഫായി പ്രഖ്യാപിച്ചതെന്ന് ബോർഡിന് വേണ്ടി ഹാജരായ അഡ്വ.കെ.എം.മുഹമ്മദ് ഇഖ്ബാൽ വാദിച്ചു. ക്രയവിക്രയ അധികാരം ആധാരത്തിൽ ഏഴുതിയാലും വഖഫ് ഭേദഗതി പ്രകാരം വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ വിൽപ്പന പാടില്ലെന്നാണ് ബോർഡിന്റെ വാദം.