ഏഷ്യാനെറ്റ് ന്യൂസിന് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് സർക്കാരിനെതിരെ വ്യാജവാർത്ത നൽകിയെന്ന ആരോപണത്തിൽ ഏഷ്യാനെറ്റ് ന്യൂസിനും എക്‌സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ കെ. ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, വീഡിയോ എഡിറ്റർ വിനീത് ജോസ്, ക്യാമറാമാൻ വിപിൻ മുരളീധരൻ, നീലി ആർ. നായർ എന്നിവർക്കുമെതിരായ പോക്‌സോകേസ് ഹൈക്കോടതി റദ്ദാക്കി. ലഹരിക്കെതിരെ സദുദ്ദേശ്യത്തോടെ അവതരിപ്പിച്ച പരിപാടിയാണെന്നും പൊലീസ് ആരോപിച്ച കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 2022 നവംബർ നാലിന് സംപ്രേഷണം ചെയ്ത വാർത്താപരമ്പരയിലെ ഒരു റിപ്പോർട്ടിൽ ഇരയുടെ വെളിപ്പെടുത്തൽ ചിത്രീകരിച്ചെന്നായിരുന്നു പരാതി. യുവാക്കളിൽ ലഹരി ഉപയോഗം കൂടുന്നത് സംബന്ധിച്ച് ബോധവത്കരണം ലക്ഷ്യമിട്ടായിരുന്നു പരിപാടിയെന്നും പൊതുജനങ്ങൾക്കോ ഏതെങ്കിലും വ്യക്തിക്കോ മാനഹാനിയുണ്ടായി എന്നു കരുതാനാവില്ലെന്നും കോടതി വിലയിരുത്തി. നാർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന വാർത്താപരമ്പരയിലെ ഒരു റിപ്പോർട്ടിനെതിരെ ആയിരുന്നു കേസ്.