പാലക്കാട് നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഇനിയുള്ളത് 55333.85 ടൺ മാലിന്യം
പാലക്കാട്: നഗരസഭയുടെ കൂട്ടു പാതയിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ബയോമൈനിംഗിലൂടെ തരം തിരിച്ച മാലിന്യത്തിന്റെ നീക്കം പുരോഗമിക്കുന്നു. ഇനി 55333.85 ത്തോളം ടൺ മാലിന്യമാണ് തരംതിരിച്ച് നീക്കം ചെയ്യാനുള്ളത്. സ്വകാര്യ കമ്പനിയായ എസ്.എം.എസിനാണ് മാലിന്യനീക്കത്തിന്റെ ചുമതല. മേയ് മാസത്തിന് മുമ്പ് മാലിന്യനീക്കം പൂർത്തിയാക്കാനാണ് കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നത്. കരാർ പ്രകാരം മാലിന്യം നീക്കാൻ ഇനി 54 ദിവസം മാത്രമാണുള്ളത്. പ്രതിദിനം 400 ടൺ മാലിന്യമാണ് തരംതിരിച്ച് മാറ്റാൻ കഴിയുന്നത്. വ്യവസ്ഥയനുസരിച്ച് മുഴുവൻ മാലിന്യവും നീക്കം ചെയ്യാൻ 139 ദിവസം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
മഴ മാലിന്യ നീക്കത്തിന് തിരിച്ചടിയായി
മാർച്ചിൽ പെയ്ത വേനൽ മഴയാണ് മാലിന്യനീക്ക പ്രവർത്തനങ്ങൾക്ക് തടസ്സമായത്. വെള്ളം നിറഞ്ഞാൽ മെഷീനുകൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല. മഴ പെയ്ത് പൂർണമായും ഉണങ്ങി കഴിഞ്ഞാൽ മാത്രമേ മെഷീനുകൾ പ്രവർത്തിക്കാനാകൂ. ഡിസംബർ മൂന്നിനാണ് പ്രവർത്തനം ആരംഭിച്ചത്. ഏകദേശം 43,000 ടൺ മാലിന്യം നാളിതുവരെയായി നീക്കം ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തോളം ടൺ മാലിന്യമാണ് ട്രഞ്ചിംഗ് ഗ്രൗണ്ടിലുണ്ടായിരുന്നത്. നിലവിൽ 400-475 ടൺ വരെ തരംതിരിക്കുന്നുണ്ട്. തരം തിരിച്ച മാലിന്യങ്ങളിൽ പുനരുപയോഗത്തിന് സാദ്ധ്യതയില്ലാത്ത ഏകദേശം 50991 ടൺ മാലിന്യം തിരുച്ചിറപ്പള്ളിയിലെ ഡാൽമിയ സിമന്റ് ഫാക്ടറിയിലേക്ക് ഫ്യുവൽ നിർമ്മിക്കുന്നതിനായി കൊടുത്തയക്കുന്നുണ്ട്. 16 കോടി രൂപ ചെലവഴിച്ചാണ് ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോമൈനിംഗ് നടത്തി മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നത്.