17 കോടി കൂടി കെട്ടിവച്ച് എൽസ്റ്റൺ ഭൂമി ഏറ്റെടുക്കാം: ഹൈക്കോടതി, ടൗൺഷിപ്പ് നിർമ്മാണം തുടങ്ങാൻ വഴിയൊരുങ്ങി
കൊച്ചി: വയനാട് മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കാമെന്നും ഇതിനായി 17 കോടി രൂപകൂടി സർക്കാർ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി. നേരത്തേ കെട്ടിവച്ച 26.51 കോടിരൂപയ്ക്കു പുറമേയാണിത്.
ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയതോടെ മാതൃക ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയും.
ഹൈക്കോടതി രജിസ്ട്രാർ നിശ്ചയിക്കുന്ന നിബന്ധനകൾക്കു വിധേയമായി ഈ തുക എസ്റ്റേറ്റ് ഉടമകൾക്ക് കൈപ്പറ്റാമെന്നും പറഞ്ഞു. നഷ്ടപരിഹാരമായി കൂടുതൽ തുകവേണമെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ ടീ എസ്റ്റേറ്റ് നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉയർന്ന നഷ്ടപരിഹാരം വേണമെന്ന എസ്റ്റേറ്റ് ഉടമകളുടെ അപ്പീലിൽ പിന്നീട് വിശദവാദം കേൾക്കും. കോടതിയുടെ ഇടക്കാല നിർദ്ദേശപ്രകാരം സർക്കാർ നിശ്ചയിച്ച 26.51 കോടി ഹൈക്കോടതിയിൽ കെട്ടിവച്ച് ടൗൺഷിപ്പിന്റെ നിർമ്മാണോദ്ഘാടനം നടത്താൻ നേരത്തേ അനുമതി നൽകിയിരുന്നു.ഏറ്റെടുക്കുന്ന 78.73 ഹെക്ടർ ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നും നഷ്ടപരിഹാരം ന്യായമല്ലെന്നുമാണ് എൽസ്റ്റണിന്റെ വാദം. ഇതേ വില്ലേജിൽ അടുത്തിടെ നടന്ന പത്ത് ഭൂമി ഇടപാടുകളുടെ രേഖകൾ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. കോടതി നിർദ്ദേശിച്ചാൽ, ന്യായവില കണക്കാക്കി നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു.
ഭൂമി ഏറ്റെടുത്തു; നിർമ്മാണം ഇന്ന് ആരംഭിക്കും
എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വയനാട് ജില്ലാ കളക്ടർ ഭൂമി ഏറ്റെടുത്തത്. കൽപ്പറ്റ വില്ലേജ് ബ്ലോക്ക് 19 റീ സർവ്വേ നമ്പർ 88 ൽ 64.4705 ഹെക്ടർ ഭൂമിയും കുഴിക്കൂർ ചമയങ്ങളും ഏറ്റെടുത്താണ് സർക്കാർ ബോർഡ് സ്ഥാപിച്ചത്.
പണം കെട്ടിവച്ചെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല പുരരധിവാസ ഭൂമി ഏറ്റെടുക്കാൻ 17.78 കോടി കൂടി ഹൈക്കോടതിയിൽ കെട്ടിവച്ചതായി മന്ത്രി എ. രാജൻ അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റിൽ ഇന്നലെ രാത്രി തന്നെ ശിലാഫലകം സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു.