ലഹരിക്കെതിരെ അശ്വിൻ, ആമിന ഉപ്പയ്‌ക്കഭിമാനം സർവകലാശാല യൂണിയൻ ഭാരവാഹികൾ ആത്മവിശ്വാസത്തിൽ
തിരുവനന്തപുരം: 'ആരോപണങ്ങൾ ഒരുവഴിക്ക് നടക്കും. കൊടിയുടെ നിറവും വ്യക്തി രാഷ്ട്രീയവും നോക്കാതെ വിദ്യാർത്ഥികൾക്ക് വഴികാട്ടുകയാണ് ലക്ഷ്യം"- കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് ഒരേസ്വരം. ലഹരിക്കെതിരെ ബോധവത്കരണ ക്യാമ്പയിനുകളാണ് പുതിയ ചെയർമാൻ എസ്. അശ്വിന്റെ ലക്ഷ്യം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് രണ്ടാംവർഷ എം.എ ഫിലോസഫി വിദ്യാർത്ഥിയായ അശ്വിന്റെ കരുത്ത് എസ്.എഫ്.ഐ നൽകുന്ന ഊർജ്ജമാണ്. 2021ൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ കോളേജിൽ സംഘർഷമുണ്ടായതിനാൽ മത്സരം നടന്നില്ല. കെ.എസ്.യുവിന്റെ ഇടപെടൽ കാരണം ഒരുവർഷമായി കാര്യക്ഷമമല്ലാതായ യൂണിയന് പുതുജീവനേകണമെന്നും അശ്വിൻ പറയുന്നു. യുവജനോത്സവം മികച്ച രീതിയിൽ നടത്തണം. മുട്ടത്തറ സ്വദേശിയാണ് അശ്വിൻ. അച്ഛൻ: സുധാകരൻ. അമ്മ: ശ്രീദേവി. സഹോദരൻ: അഖിൽ.
കെ.എസ്.യുവിന്റെ പോരാളി 13 വർഷത്തിനു ശേഷം വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുത്ത ആമിന ബ്രോഷ് കെ.എസ്.യുവിന്റെ പോരാളിയാണ്. രാഷ്ട്രീയയാത്രയിൽ താങ്ങായിരുന്ന കോൺഗ്രസ് പ്രവർത്തകനായ അച്ഛൻ ബ്രോഷ് ആമിനയുടെ അട്ടിമറി വിജയം കാണാൻ ഇന്നില്ല. മൂന്നുമാസം മുൻപ് ഹൃദയാഘാതമാണ് അച്ഛനെ മടക്കിവിളിച്ചത്. വിജയം അച്ഛനുള്ള സമ്മാനമാണെന്ന് ആമിന പറയുന്നു. വെല്ലുവിളികളേറെ അതിജീവിച്ചതായിരുന്നു വർക്കല നെട്ടൂർ സ്വദേശി ആമിനയുടെ ജയം.
വർക്കല എസ്.എൻ കോളേജിലെ ഒന്നാംവർഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയാണ്. യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷനുകൾ, അറ്റൻഡൻസില്ലാതെ കണ്ടൊണേഷൻ അടയ്ക്കേണ്ടി വരുന്നവർക്കുള്ള നടപടിക്രമങ്ങൾ എന്നിവ വേഗത്തിലെത്തിക്കുമെന്ന് ആമിന പറയുന്നു. അമ്മ: സുൽഫിനാ, സഹോദരങ്ങൾ: ഫാത്തിമ, അനാഷ്.