അതിജീവിതയുടെ അമ്മയ്ക്ക് സ്വസ്ഥമായി താമസിക്കാൻ സാഹചര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
മലപ്പുറം : ടി.ടി.സിക്ക് പഠിച്ചു കൊണ്ടിരിക്കെ ആത്മഹത്യ ചെയ്ത അതിജീവിതയുടെ അമ്മയ്ക്കും സഹോദരനും സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ ജില്ലാ ശിശുവികസന വകുപ്പ് ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം വാടക നൽകാത്തതിന് തെരുവിലേക്ക് എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
മലപ്പുറം ജില്ലാ വനിതാ ശിശുവികസന ഓഫീസറിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി.
അതിജീവിതയുടെ അമ്മയും സഹോദരനും വാടകവീട്ടിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വാടക നൽകാത്തതിനാൽ വീട്ടുടമ കോടതിയിൽ നൽകിയ പരാതിയിൽ 3 വർഷത്തെ വാടക കോടതിയിൽ കെട്ടി വയ്ക്കാൻ അതിജീവിതയുടെ അമ്മയ്ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുള്ളതാണ്. നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള തനിക്ക് മറ്റൊരു വീട്ടിലേക്ക് താമസം മാറാൻ ബുദ്ധിമുട്ടുണ്ടെന്നും അമ്മ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട് സ്വദേശികളായ ഇവർ വൈദ്യരങ്ങാടിയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് പെൺകുട്ടി ബന്ധുക്കളിൽ നിന്നും ലൈംഗിക പീഡനത്തിനിരയായത്. കുട്ടി തന്റെ കാമുകനോട് വിവരം പറഞ്ഞതിനെ തുടർന്ന് അമ്മ അറിയുകയും ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചെയ്തു. നിലവിൽ കേസിന്റെ പുരോഗതിയെ കുറിച്ച് അമ്മയ്ക്ക് യാതൊന്നും അറിയില്ല. കേസ് ഫയൽ ഹൈക്കോടതിക്ക് കൈമാറിയെന്ന് അമ്മ പറഞ്ഞു. നിലവിൽ ചേലേമ്പ്രയിൽ 6500 രൂപ പ്രതിമാസ വാടകയുള്ള വീട്ടിലാണ് അമ്മ താമസിക്കുന്നത്. നാട്ടുകാരുടെ സഹായത്താലാണ് ഇവർ ജീവിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.