കേരള യൂണി. സംഘർഷം: 500 പേർക്കെതിരെ കേസ്

Saturday 12 April 2025 12:19 AM IST

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന എസ്.എഫ്‌.ഐ- കെ.എസ്.യു സംഘർഷത്തിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് ഇരുസംഘടനയിലെയും പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസ് എടുത്തത്.

സംഘർഷത്തിൽ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകൻ അൽ അമീന്റെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ച് എസ്.എഫ്‌.ഐ പ്രവർത്തകർക്കെതിരെ മറ്റൊരു കേസുമെടുത്തു. മൂക്കിന്റെ എല്ല് പൊട്ടിയ സെന്റ് സേവ്യേഴ്സ് കോളേജ് ചെയർമാനായ അൽ അമീൻ ആശുപത്രിയിൽ ചികിത്സയിലാണ്. സർജറി വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംഘർഷത്തിൽ പരിക്കേറ്റ 10പേർ വിവിധ ആശുപത്രികളിലും ചികിത്സ തേടി.