മെഡിക്കൽ പ്രവേശനം: അപേക്ഷകർ 1.16 ലക്ഷം  എൻജിനിയറിംഗിന് 97785

Saturday 12 April 2025 12:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് 1,16,453 പേരാണ് എൻട്രൻസ് കമ്മിഷണർക്ക് അപേക്ഷ നൽകിയത്. എം.ബി.ബി.എസ്, ബി.ഡി.എസ്, പാരാമെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനാണിത്. ഈ കോഴ്സുകളിൽ ദേശീയ തലത്തിലെ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എൻജിനിയറിംഗ് പ്രവേശനത്തിന് 97​785 പേരും ആർക്കിടെക്ചറിന് 14,​333 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്. ഫാർമസിക്ക് 46118 അപേക്ഷകരുണ്ട്. എൻജിനിയറിംഗ്, ഫാർമസി പ്രവേശനം സംസ്ഥാന എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ദേശീയ പരീക്ഷയായ നാറ്റാ സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആർക്കിടെക്ചർ പ്രവേശനം. എൻജിനിയറിംഗ് പ്രവേശന പരീക്ഷ 23,25,26,27,28 തീയതികളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ വൈകിട്ട് 5വരെ. ഫാർമസി പ്രവേശന പരീക്ഷ 24,29 തീയതികളിൽ. 24ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നര മുതൽ 5വരെയും 29ന് വൈകിട്ട് 3.30മുതൽ 5വരെയുമാണ് പരീക്ഷ.