750 കോടി കേന്ദ്രവിഹിതം നഷ്ടമാക്കി: സർക്കാരിനെതിരേ കോളേജ് അദ്ധ്യാപകർ ഹൈക്കോടതിയിൽ
തിരുവനന്തപുരം: ഏഴാം ശമ്പള പരിഷ്കരണ കുടിശികയിനത്തിൽ കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട 750 കോടി രൂപ സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയെന്നാരോപിച്ച് കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.പി.സി.ടി.എ ഹൈക്കോടതിയെ സമീപിച്ചു.
2016 ജനുവരി ഒന്നു മുതൽ 2019 മാർച്ച് 31 വരെ 39 മാസത്തെ ശമ്പള പരിഷ്കരണ കുടിശികയായ 1500 കോടി രൂപ കോളേജ് അദ്ധ്യാപകർക്ക് നിഷേധിച്ചിരിക്കുകയാണ്. ഇതിൽ പകുതി കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടതാണ്. യു.ജി.സി സ്കെയിൽ പ്രകാരമുള്ള ശമ്പള കുടിശിക കോളേജ് അധ്യാപകർക്ക് നൽകിയെന്ന് നവ കേരള സദസ്സിലെ വിവിധ വേദികളിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ധനമന്ത്രിയും 1500 കോടി രൂപ വിതരണം ചെയ്തതായി അറിയിച്ചിരുന്നു. എന്നാൽ നിയമസഭയിൽ എം. വിൻസെന്റ് എംഎൽഎയുടെ ചോദ്യത്തിന് മന്ത്രി ആർ ബിന്ദു നൽകിയ മറുപടിയും അനുബന്ധ രേഖകളും ,യുജിസി ശമ്പള കുടിശ്ശിക നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ധ്യാപകർ പറഞ്ഞു. 750 കോടി രൂപ സംസ്ഥാന സർക്കാരിന്റെ വിഹിതം നൽകാതിരിക്കാൻ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തിയെന്നാരോപിച്ച് കെ പി സി ടി എ ക്ക് വേണ്ടി ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, റോണി ജോർജ്, ഡോ ജോബിൻ ചാമക്കാല എന്നിവരാണ് ഹർജി നൽകിയത്. കേന്ദ്രം പ്രഖ്യാപിച്ചത് റീ ഇമ്പേഴ്സ്മെന്റ് സ്കീമാണ്. തുക വിതരണം ചെയ്തതിന് ശേഷമേ കേന്ദ്രവിഹിതം കിട്ടൂ എന്ന് പലതവണ വ്യക്തമായിട്ടും തുക നൽകാതെ സംസ്ഥാന സർക്കാർ പ്രൊപ്പോസൽ സമർപ്പിച്ചത് ആസൂത്രിതമായി യുജിസി ശമ്പള പരിഷ്കരണ കുടിശിക ഇല്ലാതാക്കാൻ വേണ്ടിയാണെന്ന് ഡോ. പ്രേമചന്ദ്രൻ കീഴോത്ത് പറഞ്ഞു.