66.16 ടൺ മാലിന്യം നീക്കി ഹരിതകർമ്മ സേന: എം.ബി രാജേഷ്

Saturday 12 April 2025 2:34 AM IST

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ഹരിതകർമ്മസേന 66.16 ടൺ മാലിന്യം നീക്കം ചെയ്തതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ശുചിത്വ സാഗരം, സുന്ദര തീരം രണ്ടാംഘട്ടത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുമുഖം ബീച്ചിൽ നിർവഹിക്കുകയായിരുന്നു. ശുചിത്വസാഗരം, സുന്ദര തീരം വളരെ പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് അദ്ധ്യക്ഷനായ മന്ത്രി സജി ചെറിയാൻ പറഞ്ഞു. 15,000 ത്തോളം സന്നദ്ധപ്രവർത്തകരെ അണിനിരത്തിയാണ് മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യുന്നത്. ഫിഷറീസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അബ്ദുൽ നാസർ ബി സ്വാഗതം ആശംസിച്ചു. അഡ്വ.ആന്റണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, ഫിഷറീസ് ഡയറക്ടർ സഫ നസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ 590 കിലോമീറ്റർ തീരപ്രദേശത്തെ ജനസാന്ദ്രത കൂടിയ 482 ആക്ഷൻ കേന്ദ്രങ്ങളിലാണ് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചത്.

ബോട്ടിൽ ബൂത്തിൽ നിക്ഷേപിക്കൂ

തീരദേശത്ത് 200 മീറ്റർ ഇടവിട്ട് ആക്ഷൻ കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. ഹാർബറുകൾ ഫിഷ് ലാൻഡിംഗ് സെന്ററുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സ്ഥാപിക്കും. ജനങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബൂത്തിൽ നിക്ഷേപിക്കണം. ഇതിനായി ബോധവത്കരണം നടത്തും. ഹരിതകർമ്മ സേന ക്ലീൻ കേരള കമ്പനി എന്നിവ വഴി കൃത്യമായി നിർമാർജനം നടത്തും.