ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യാനാകില്ല ; പ്രശാന്തിന്റെ ആവശ്യം തള്ളി സർക്കാർ

Saturday 12 April 2025 2:35 AM IST

തിരുവനന്തപുരം: ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്ന സസ്‌പെൻഷനിലുള്ള ഐ.എ.എസ്.ഒാഫീസർ എൻ.പ്രശാന്തിന്റെ ആവശ്യം സർക്കാർ തള്ളി. അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ ഹിയറിംഗിന് രഹസ്യ സ്വഭാവമുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

ഹിയറിംഗ് ലൈവ് സ്ട്രീമിംഗും റെക്കാർഡിംഗും നടത്തണമെന്നായിരുന്നു ആവശ്യം. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാദ്ധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിലായിരുന്നു സസ്‌പെൻഷൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 16നാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശാന്തിന് ഹിയറിംഗ് നോട്ടീസ് നൽകിയിരിക്കുന്നത്.

വ്യക്തിപരമായ ഹിയറിംഗ് ലൈവ് സ്ട്രീമിംഗ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ പൊതുതാത്പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്തിന്റെ ന്യായീകരണം. നോട്ടീസിന് മറുപടിയായി തന്നെ കേൾക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് നിരവധി കത്തുകൾ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം തിരിച്ച് വിശദീകരണം ചോദിക്കലാണെന്നും മറുപടിയായി കണക്കാക്കാനാകില്ലെന്നുമാണ് സർക്കാർ നിലപാട്. കുറ്റം ചെയ്‌തോ ഇല്ലയോ എന്നാണ് പ്രശാന്ത് വ്യക്തമാക്കേണ്ടതെന്നും സർക്കാർ അറിയിച്ചു.