റെയിൽപ്പാത വികസനം അനിവാര്യം
Saturday 12 April 2025 1:39 AM IST
കൊല്ലം: കൊല്ലം നഗരത്തിൽ നിന്ന് കിഴക്കൻ മേഖലയിലേക്കും തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലേക്കുമുള്ള യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ഷെഫീക്ക് കാര്യറ ആവശ്യപ്പെട്ടു. ഒന്നര നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ഈ റെയിൽപാത അസൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടുകയാണ്. മറ്റുപാതകളെ അപേക്ഷിച്ച് മീറ്റർ ഗേജിൽ നിന്ന് ബ്രോഡ് ഗേജിലേക്കുള്ള മാറ്റവും വൈദ്യുതീകരണവും വളരെ വൈകിയാണ് നടപ്പാക്കിയത്. പാത ഇരട്ടിപ്പിക്കലും വിവിധ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടലും സാദ്ധ്യമായാൽ മാത്രമേ കൂടുതൽ ട്രെയിനുകൾ ഇതുവഴി അനുവദിക്കൂ. വിഷയത്തിൽ അടിയന്തരമായി ജനപ്രതിനിധികൾ ഇടപെടണം. റെയിൽവേ മധുര ഡിവിഷൻ അധികാരികൾക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.