'കിക്ക് ഡ്രഗ്' ലഹരി വിരുദ്ധ ക്യാമ്പയിൻ

Saturday 12 April 2025 1:40 AM IST

കൊല്ലം: കൗമാരപ്രായക്കാർക്കിടയിലെ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മുഖേന വിപുലമായ ലഹരി വിരുദ്ധ ക്യാമ്പനു വേണ്ടിയുള്ള സംഘാടകസമിതി രൂപീകരണ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. കളക്ടർ എൻ. ദേവിദാസ് അദ്ധ്യക്ഷത വഹിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിലായി മാരത്തോൺ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ നടത്തും. പുതുതലമുറയെ ലഹരിയിൽ നിന്നു മോചിപ്പിക്കാൻ കായിക മേഖലയ്ക്കുള്ള പ്രാധാന്യം മനസിലാക്കിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ പരിപാടികൾ ഏകോപിപ്പിക്കാൻ 25 അംഗങ്ങൾ ഉൾപ്പെട്ട കോർ കമ്മിറ്റി രൂപീകരിക്കുമെന്ന് ജില്ലാ സ്‌പോർട്‌​സ് കൗൺസിൽ പ്രസിഡന്റ് എക്‌​സ്. ഏണസ്റ്റ് അറിയിച്ചു.

ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് മഞ്‌ജേഷ് പന്മന, സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡി. രാമഭദ്രൻ, എ.ഡി.എം ജി. നിർമൽകുമാർ, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി വി. ശ്രീകുമാരി, അഡീഷണൽ എസ്.പി എൻ. ജിജി, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജയകൃഷ്ണൻ, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് സ്റ്റാൻഡിംഗ് കമ്മറ്റി അംഗം അഡ്വ. രഞ്ജു സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.