നീങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, യുവാവിന് ഗുരുതര പരിക്ക്
എഴുകോൺ: എഴുകോൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ പ്ളാറ്റ് ഫോമിനും ട്രാക്കിനും ഇടയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്. പവിത്രേശ്വരം ഇടവട്ടം സുരേഷ്ഭവനത്തിൽ സുരേഷ്‌കുമാറിന്റെ മകൻ പ്രണവ് (20) ആണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 7.05ന് കന്യാകുമാരി എക്‌സ്‌പ്രസിൽ കയറാൻ ശ്രമിക്കവേയാണ് അപകടം. പതിവ് യാത്രക്കാരനാണ് പ്രണവ്. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് സ്റ്റേഷനിലെത്തിയത് ഏറ്റവും പിന്നിലെ ബോഗിയും സ്റ്റേഷന്റെ പ്രവേശന കവാടം പിന്നിടാൻ തുടങ്ങിയിരുന്നു. ഈ ബോഗിയിലേക്കാണ് ചാടിക്കയറാൻ ശ്രമിച്ചത്. പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ചീഫ് കൊമേഴ്സ്യൽ സൂപ്പർവൈസർ എ. സോജയും സ്റ്റേഷനിലെ താത്കാലിക ക്ലീനിംഗ് തൊഴിലാളി അഖിലും മറ്റൊരു യാത്രക്കാരനും ചേർന്നാണ് പ്രണവിനെ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറ്റിയത്. സമീപത്തെ പൂക്കട ഉടമകളായ രതിൻ, അഖിൽ, സുഹൃത്ത് ആദർശ് എന്നിവരും സഹായവുമായി ഓടിയെത്തി. ഇതിനിടെ ഗാർഡ് വിവരം നൽകിയതിനെ തുടർന്ന് ട്രെയിൻ നിറുത്തി. ആംബുലൻസോ പൊലീസ് വാഹനമോ സമയത്ത് എത്താതിരുന്നതിനാൽ രതിന്റെ കാറിലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പ്രണവിന്റെ വാരിയെല്ല്, നട്ടെല്ല്, തുടയെല്ല് എന്നിവയ്ക്ക് സാരമായ പരിക്കുണ്ട്. ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു. തലയിലും ഗുരുതര പരിക്കുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഏറ്റവും പിൻവശത്തെ ബോഗിയായതിനാലാണ് പരിക്കോടെയെങ്കിലും രക്ഷപ്പെട്ടത്. ഗാർഡ് വനിത ആയിരുന്നതിനാൽ ഗാർഡ് ബോഗി പിന്നിൽ നിന്ന് രണ്ടാമതായിരുന്നു. ഐ.ടി.ഐ പഠനത്തിന് ശേഷം ലിഫ്റ്റ് ടെക്നോളജിയിൽ പരിശീലനത്തിനായി തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ട്രെയിനിയാണ് പ്രണവ്.
രക്ഷകരായി സോജയും അഖിലും പൂക്കടക്കാരും
ട്രെയിനിൽ ചാടിക്കയറുന്നതിനിടെ പിടിവിട്ടു വീണ് ഗുരുതര പരിക്കേറ്റ പ്രണവിന് രക്ഷയായത് ചീഫ് കൊമേഴ്സ്യൽ സൂപ്പർവൈസർ സോജയുടെ മനസാന്നിദ്ധ്യം. അപകട ദൃശ്യം കണ്ടയുടൻ സോജ ഓടിയെത്തി, രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന പ്രണവിനെ പിടിച്ചുയർത്തി. ശുചീകരണ തൊഴിലാളിയായ മുക്കണ്ടം സ്വദേശി അഖിലും ഒരു യാത്രക്കാരന്നും സഹായത്തിനെത്തി. ഇവരാണ് പ്രണവിനെ ട്രാക്കിൽ നിന്നെടുത്ത് പ്ലാറ്റ്ഫോമിൽ കിടത്തിയത്. ആരോ നൽകിയ തോർത്ത് ഉപയോഗിച്ച് ശിരസിലെ മുറിവ് കെട്ടി. മറ്റ് യാത്രക്കാരായ നൂറുകണക്കിന് പേർ നോക്കി നിൽക്കുമ്പോഴായിരുന്നു ഇത്. ഈ സമയം സ്റ്റേഷന് എതിർവശത്തെ പൂക്കടയിൽ ഉള്ളവരും ഓടിയെത്തി. ഗാർഡ് റൂമിൽ നിന്ന് ബാൻഡേജും മറ്റും എത്തിച്ച് പ്രഥമ ശുശ്രൂഷയും നൽകി.20 മിനിട്ടോളം ആംബുലൻസിന് കാത്തുനിന്നു. കിട്ടാതെ വന്നതോടെയാണ് രതിന്റെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദിവസങ്ങൾക്കു മുമ്പ് വഴിതെറ്റിയെത്തിയ സംസാരശേഷിയില്ലാത്ത തമിഴ് ബാലനെ നാട്ടിലേക്ക് തിരികെ അയയ്ക്കാനും മുൻകൈയെടുത്തത് സോജയായിരുന്നു.