രുചി വിളമ്പാൻ കുടുംബശ്രീ കഫേ
ജില്ലയിലെ ആദ്യ പ്രീമിയം കഫേ പന്മനയിൽ
കൊല്ലം: കാന്റീൻ, കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കാൻ, കുടുംബശ്രീ നിയന്ത്രണത്തിലുള്ള ജില്ലയിലെ ആദ്യ പ്രീമിയം കഫെ പന്മന വെറ്റമുക്ക് ജംഗ്ഷനിൽ ഉടൻ ആരംഭിക്കും. കുടുംബശ്രീ ജില്ലാ മിഷൻ ക്ഷണിച്ച താത്പര്യപത്രത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പന്മന സ്വദേശിനികളായ അജീഷ, ഷംല, കുടുംബശ്രീ സി.ഡി.എസ് അംഗം ഷഹുബാനത്ത് എന്നിവരാണ് സംരംഭകർ.
1500 ചതുരശ്രയടി വിസ്തീർണത്തിൽ ഒരു നില കെട്ടിടത്തിലാണ് കഫേ പ്രവർത്തിക്കുന്നത്. പദ്ധതി തുകയുടെ 20 ശതമാനം കുടുബശ്രീ വഹിക്കും. മികച്ച റസ്‌റ്റോന്റുകൾക്കു തുല്യമായ സൗകര്യങ്ങൾ കഫേയിലുണ്ടാവും. പ്രത്യേക ലോഗോയും ഏകീകൃത രൂപകല്പനയുമാണ് കഫേകൾക്ക്. ജീവനക്കാർക്ക് യൂണിഫോമുണ്ട്. പാചകം, സർവീസിംഗ്, ബില്ലിംഗ് തുടങ്ങി ബന്ധപ്പെട്ട വിവിധ മേഖലകളിൽ മൂന്ന് മാസമായി സംരഭകർക്കും തൊഴിലാളികൾക്കും പരിശീലനം നൽകുന്നുണ്ട്. പാഴ്സൽ സർവീസ്, ടേക്ക് എവേ കൗണ്ടറുകൾ, കാത്തിരിപ്പ് കേന്ദ്രം, കാറ്ററിംഗ്, ഓൺലൈൻ സേവനങ്ങൾ, മാലിന്യ സംസ്കരണ ഉപാധികൾ, പാർക്കിംഗ് സൗകര്യം, ശൗചാലയങ്ങൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് ആരംഭിക്കുന്ന കഫന്നയിൽ കേരളീയ വിഭവങ്ങളും നോർത്ത് ഇന്ത്യൻ രുചിക്കൂട്ടുകളും ലഭിക്കും. പദ്ധതിയിലൂടെ 50 ഓളം കുടുംബശ്രീ അംഗങ്ങൾക്കു തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. നിലവിൽ കണ്ണൂർ, തൃശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കുടുംബശ്രീ പ്രീമിയം കഫേകളുണ്ട്.
പ്രവർത്തനം
രാവിലെ 7 മുതൽ വൈകിട്ട് 11 വരെ
സസ്യ, സസ്യേതര ഭക്ഷണം ലഭ്യം
ജില്ലാ മിഷന്റെ മേൽനോട്ടത്തിൽ പ്രവർത്തനം
30 ഓളം വനിതകളുടെ സേവനം
ഒരു സമയം 50 ഓളം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം
ജോലിക്കാർക്ക് വേണ്ടിയുള്ള ഇന്റർവ്യൂ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അത്യാവശ്യ പണികളെല്ലാം പൂർത്തിയായി. ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കാൻ കഴിയും എന്നാണ് കരുതുന്നത്
അജീഷ സംരംഭക