ചെന്നൈയെ തീർത്ത് കൊൽക്കത്ത

Saturday 12 April 2025 5:24 AM IST

ചെ​ന്നൈ​:​ ​തലമാറിയിട്ടും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ തലവരമാറുന്നില്ല. സാ​ക്ഷാ​ൽ​ ​എം.​എ​സ് ​ധോ​ണി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വീ​ണ്ടും​ ​ഐ.​പി.​എ​ൽ​ ​പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ ​ചെ​ന്നൈയെ ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 8 വിക്കറ്റിന് കീഴടക്കി.

​ടോ​സ് ​ന​ഷ്‌​ട​പ്പെ​ട്ട് ​ആ​ദ്യം​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ചെ​ന്നൈ​യ്ക്ക് 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 103​ ​റ​ൺ​സേ​ ​നേ​ടാ​നാ​യു​ള്ളൂ.​ ​സ്വ​ന്തം​ ​മൈ​താ​ന​മാ​യ​ ​ചെ​പ്പോ​ക്കി​ൽ​ ​ചെ​ന്നൈ​യു​ടെ​ ​ഏ​റ്റ​വും​ ​ചെ​റി​യ​ ​ടോ​ട്ട​ലാ​ണി​ത്. മറുപടിക്കിറങ്ങിയ കൊൽക്കത്ത 10.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി അനായാസം വിജയലക്ഷ്യത്തിലെത്തി (107/2).

നേരത്തേ 4​ ​ഓ​വ​റി​ൽ​ 13​ ​റ​ൺ​സ് ​മാ​ത്രം​ ​ന​ൽ​കി​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി​യ​ ​സു​നി​ൽ​ ​ന​രെ​യ്‌​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാണ്​ ​കൊ​ൽ​ക്ക​ത്ത​ ​ബൗ​ള​ർ​മാ​ർ​ ​ചെ​ന്നൈ​യെ​ ​വ​രി​ഞ്ഞു​മു​റ​കി.​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​യും​ ​ഹ​ർ​ഷി​ത് ​റാ​ണ​യും​ 2​ ​വി​ക്ക​റ്റ് ​വീ​ത​വും​ ​മോ​യി​ൻ​ ​അ​ലി​യും​ ​വൈ​ഭ​വും​ ​ഓ​രോ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്‌​ത്തി. 29​ ​പ​ന്തി​ൽ​ 31​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​ശി​വം​ ​ദു​ബെ​യു​ടെ​ ​ചെ​റു​ത്ത് ​നി​ല്പാ​ണ് ​ചെ​ന്നൈ​യെ​ ​നൂ​റ് ​ക​ട​ത്തി​യ​ത്.​ ​വി​ജ​യ് ​ശ​ങ്ക​റും​ ​(29)​​​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​കാ​ഴ്‌​ച​വ​ച്ചു.

18 പന്തിൽ 44 റൺസ് നേടിയ നരെയ്ൻ ചേസിംഗിലും കൊൽക്കത്തയുടെ മുന്നണിപ്പോരാളിയായി.

സ്ഥി​രം​ ​ക്യാ​പ്ട​ൻ​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്‌​വാ​ദി​ന് ​പ​രി​ക്കാ​യ​തി​നാ​ലാ​ണ് ​വീ​ണ്ടും​ ​ധോ​ണി​ ​ചെ​ന്നൈ​യു​ടെ​ ​ക്യാ​പ്‌​ട​ൻ​ ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ത്ത​ത്. സീസണിൽ ചെന്നൈയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. ഐ.പി.എല്ലിൽ ആദ്യമായാണ് ചെന്നൈ തുടർച്ചയായി 5 മത്സരങ്ങൾ തോൽക്കുന്നത്. വിജയത്തോടെ കൊൽക്കത്ത 6 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ചെന്നൈ 9-ാം സ്ഥാനത്ത് തുടരുകയാണ്.

ഇ​തെ​ന്റെ​ ​ഗ്രൗ​ണ്ട്,​ ​കാ​ന്താ​ര​ ​സ്റ്റൈൽ വി​ജ​യാ​ഘോ​ഷവു​മാ​യി​ ​രാ​ഹുൽ

ബംഗളൂരു: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കീഴടക്കിയ ശേഷം ഡൽഹി ക്യാപിറ്റൽസിന്റെ വിജയശില്പി കെ.എൽ രാഹുൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളം വരച്ച് ബാറ്റ് കുത്തി നടത്തിയ ആഘോഷ പ്രകടനം വൈറലായി. സൂപ്പ‌ർ ഹിറ്റ് കന്നഡ സിനിമയായ കാന്താരയാണ് ആ ആഘോഷ പ്രകടനത്തിന് പിന്നിലെന്ന രാഹുൽ പിന്നീട് വെളിപ്പെടുത്തി. യഷ് ദയാലിനെ സിക്‌സടിച്ച ശേഷം നെഞ്ചിൽ ഇടിച്ചാണ് രാഹുൽ ആഘോഷിച്ചത്. പിന്നാലെ ബാറ്റ് കൊണ്ട് ഗ്രൗണ്ടിൽ ഒരു കളം വരച്ച് ബാറ്റ് അതിനുള്ളിൽ കുത്തി. മത്സരശേഷം ഡൽഹി ക്യാപിറ്റൽസ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് തന്റെ ആഘോഷത്തിന് പ്രചോദനമായത് കാന്താരായാണെന്ന് രാഹുൽ പറഞ്ഞത്. എന്നെ സംബന്ധിച്ച് ഇത് വളരെ സ്പെ‌ഷ്യലായ സ്ഥലമാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നായ ‘കാന്താര’യിൽ നിന്നുള്ള ഒരു രംഗത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അത്തരമൊരു ആഘോഷത്തിന് തുനിഞ്ഞത്. ഈ ഗ്രൗണ്ടിൽ, ഈ വീട്ടിലാണ്, ഈ ടർഫിലാണ് ഞാൻ കളിച്ച് വളർന്നതെന്നും ഇത് എന്റേതാണെന്നുമുള്ള ചെറിയ ഓർമ്മപ്പെടുത്തലായിരുന്നു ആ ആഘോഷം – രാഹുൽ പറ‌ഞ്ഞു.

ആർ.സി.ബി ഉയ‌ർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിയെ 53 പന്തിൽ 7 ഫോറും 6 സിക്സും ഉൾപ്പെടെ 53 പന്തിൽ 93 റൺസുമായി പുറത്താകാതെ നിന്ന രാഹുലാണ് 17.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തിച്ചത്. കളിച്ച 4 മത്സരങ്ങളിലും ജയിക്കാനും ഡൽഹിക്കായി. ഫാഫ് ഡുപ്ലെസി (2), ജേക്ക് ഫ്രേസർ മിക്ഗുർക്ക് (7),അഭിഷേക് പൊറേൽ (7),അക്ഷർ പട്ടേൽ (15) എന്നിവർ പുറത്തായി 8.4 ഓവറിൽ 58/4 എന്ന നിലയിലായിരുന്ന ഡൽഹിയെ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച രാഹുലും ട്രിസ്റ്റൺ സ്റ്റബ്സും (23 പന്തുകളിൽ പുറത്താകാതെ 38 റൺസ്) ചേർന്നാണ് രക്ഷിച്ചത്.