ലിവർപൂളുമായുള്ള കരാർ പുതുക്കി സല

Saturday 12 April 2025 5:29 AM IST

ലിവർപൂൾ: ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും അവസാനം. ലിവ‌ർപൂളുമായുള്ള കരാർ പുതുക്കി സൂപ്പർ താരം മൊഹമ്മദ് സല. ലിവർപൂളുമായി രണ്ട് വ‌ർഷത്തേക്ക് കൂടിയാണ് സല കരാറിൽ ഒപ്പുവച്ചത്. ലിവർപൂളുമായി പുതിയ കരാറിൽ ഒപ്പുവ‌യ്‌ക്കാനായതിൽ സന്തോഷമുണ്ടെന്ന് സല പ്രതികരിച്ചു. ഞങ്ങളിപ്പോൾ തീർച്ചയായും മികച്ച ടീമാണ്. ഞങ്ങൾക്ക് ഇനിയും ധാരാളം ട്രോഫികൾ നേടാനാകും.- സല പറഞ്ഞു. 2017ൽ എ.എസ് റോമയിൽ നിന്ന് ലിവറിലെത്തിയ സല ക്ലബിനായി 394 മത്സരങ്ങളിൽ നിന്ന് 243 ഗോളുകൾ നേടിയിട്ടുണ്ട്. 50 മില്യൺ പൗണ്ടിന്റെ(ഏകദേശം 564 കോടി രൂപ) കരാറിലാണ് സല ഒപ്പുവച്ചതെന്നാണ് വിവരം. ഒരു സീസണിൽ 25 മില്യൺ പൗണ്ടായിരിക്കും സലയുടെ പ്രതിഫലം. സീസണിൽ ഇതുവരെ 45 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടിക്കഴിഞ്ഞി സല. പ്രിമിയർലീഗിൽ ഇത്തവണ 27 ഗോളുകൾ നേടി ടോപ് സ്‌കോറർ പട്ടികയിൽ നിലവിൽ ഒന്നാമതാണ്. പ്രിമിയർലീഗിൽ ലിവറും കിരീടത്തോട് അടുക്കുകയാണ്.